പൊഴുതന ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ തെളിയുന്നു

വന്യമൃഗ ശല്യം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിന് വനം വകുപ്പ് തെരുവ് വിളക്കുകൾ കൈമാറി. കൽപ്പറ്റ റേഞ്ച് പരിധിയിൽ വരുന്ന പൊഴുത ഗ്രാമപഞ്ചായത്തിലെ കറുവന്തോട്, സേട്ട്ക്കുന്ന് – മേൽമുറി ഭാഗങ്ങളിൽ സ്ഥാപിക്കാനായി ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങി നൽകിയ 14 തെരുവു വിളക്കുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

ആയിരത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്ത് ദീര്‍ഘനാളായി അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് തെരുവുവിളക്കുകൾ ഒരു പരിധിവരെ ആശ്വാസമേകുമെന്നാണ് പ്രതീക്ഷ. ദീർഘനാളത്തെ ജനകീയ ഇടപെടലിനൊടുവിലാണ് ഇത് സാധ്യമായത്.

വരും ദിവസങ്ങളിൽ 60 തെരുവു വിളക്കുകൾ കൂടി സ്ഥാപിക്കും. സുഗന്ധഗിരി – 15, പാറക്കുന്ന് – പെരുങ്കോട -10, കറുവന്തോട് – 10, മേൽമുറി- സേട്ടുക്കുന്ന് – 15, കല്ലൂർ – 10 എന്നിങ്ങനെയാണ് വിളക്കുകൾ സ്ഥാപിക്കുക. ഇതിനുപുറമെ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധയിടങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു, ഭരണസമിതി അംഗങ്ങൾ, വനം വകുപ്പ് റേഞ്ചര്‍ ആഷിഫ്, മറ്റ് ഉദ്യോഗസ്ഥർ, ജില്ലാ വന്യമൃഗ സംഘർഷ സമിതി അംഗം ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *