പുൽപ്പള്ളി: ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റത്തിന് തടയിട്ട് അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനവും പുല്‍പ്പള്ളിയില്‍ ആരംഭിച്ച ജില്ലയിലെ മൂന്നാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം കേരളീയരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ആഘോഷമാണ്. ആഘോഷവേളയില്‍ ഗുണമേന്മയുള്ള വിഭവങ്ങള്‍ മിതമായ നിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി, സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സാധാരണക്കാര്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്കാക്കള്‍ക്ക് രണ്ട് ഗഡു വിതരണം ചെയ്യുന്നുണ്ടെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഓണത്തിന് മുന്‍പായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേന പൊതുവിപണിയിലെ വിലയില്‍ നിന്നും ഗണ്യമായ കുറവില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍, സ്റ്റേഷനറി ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ എന്നിവയുടെ വിതരണം ഓണക്കാലത്ത് ഉറപ്പാക്കും. ജില്ലയില്‍ 10 ദിവസത്തേക്ക് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ആന്ധ്ര-ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സബ്സിഡിയോടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. വിവിധ സഹകരണ സംഘങ്ങള്‍ കേരകര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. അതോടൊപ്പം നോണ്‍-സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും.
ത്രിവേണി ബ്രാന്റില്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, ബിരിയാണി അരി, ശര്‍ക്കര, സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും. ഒരു ദിവസം 75 പേര്‍ക്കാണ് ഓണച്ചന്തകളില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാകുക. തിരക്ക് ഒഴിവാക്കാന്‍ സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ്കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ചന്ദ്രന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം അനില്‍ സി. കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ രുഗ്മണി സുബ്രഹ്മണ്യന്‍, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ പി. കെ അനില്‍ കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമുഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
സബ്സിഡി സാധനങ്ങള്‍ ഓണച്ചന്തകള്‍ മുഖേന ലഭിക്കുന്ന ഇനം, അളവ്, വില
1. ജയ അരി…..8 കിലോ….264
2. കുറുവ അരി……8 കിലോ…..264
3. കുത്തരി…..8 കിലോ…..264
4. പച്ചരി…… 2 കിലോ….58
5. പഞ്ചസാര…….. ഒരു കിലോ…… 34.65
6. ചെറുപയര്‍…. ഒരു കിലോ…….90
7. വന്‍കടല…….. ഒരു കിലോ………65
8. ഉഴുന്ന്…… ഒരു കിലോ………90
9. വന്‍പയര്‍…….. ഒരു കിലോ……70
10. തുവരപ്പരിപ്പ്…ഒരു കിലോ……… 93
11. മുളക്……. ഒരു കിലോ….115.50
12. മല്ലി…… 1/2 കിലോ…..40.95
13. വെളിച്ചെണ്ണ.. ഒരു ലിറ്റര്‍….. 339
