എസ്ടി പ്രൊമോട്ടർമാർക്കും സോഷ്യൽ വർക്കർമാർക്കുമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി താലൂക്ക് പരിധിയിലെ എസ്ടി പ്രൊമോട്ടർമാർ, സോഷ്യൽ വർക്കർമാർ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പതിവായി സ്കൂളിലെത്താത്ത കുട്ടികളുടെ കേസ് സ്റ്റഡി നടത്തി പ്രശ്നപരിഹാരത്തിന് തക്ക സമയത്ത് ഇടപ്പെടുക, കുടുംബ പ്രശ്നങ്ങളുൾപ്പെടെ മറ്റ് ഗൗരവ വിഷയങ്ങൾ ഉള്ള കുട്ടികളെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, ഉന്നതികളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് അവിടെയുള്ള വിദ്യാസമ്പന്നരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഇവരിലൂടെ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രമോട്ടർമാർ ഇടപെടണമെന്ന് പരിശീലന പരിപാടിയിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം മജീദ് പറഞ്ഞു.

 

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വീഡിയോകൾ ഉന്നതികളിൽ പ്രദർശിപ്പിച്ച് ബോധവത്ക്കരണം നടത്തും. പട്ടികവർഗ വിഭാഗക്കാർ ബാങ്കിങ് മേഖലയിൽ നേരിടുന്ന ചൂഷണം, ഇകെവൈസി പുതുക്കൽ, പ്രധാന മന്ത്രി സുരക്ഷാ യോജന, വിവിധ പെൻഷൻ പ്ലാൻ എന്നിവയെ കുറിച്ച് ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ വിശദീകരിച്ചു. ആരോഗ്യ ഇൻഷുറൻസ് മേഖല, രജിസ്ട്രേഷൻ, ചികിത്സക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് ജില്ലാ ഓഫീസർ അജയ്ദേവ് പ്രൊമോട്ടർമാർക്ക് ക്ലാസുകൾ നൽകി.

 

മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ടി കെ മനോജ്, എഇഒ എം സുനിൽകുമാർ, മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ലക്ഷ്മൺ, ജൂനിയർ സൂപ്രണ്ട് സുരേഷ് കുമാർ, പത്മൻ കോവൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *