തൃശ്ശിലേരി പള്ളി പെരുന്നാൾ ഒക്ടോബർ ഒന്നിന് തുടങ്ങും

മാനന്തവാടി : കോതമംഗലം ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള വടക്കേ വയനാട്ടിലെ ഏക ദേവാലയവും സർവ്വമത സംഗമഭൂമിയായ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരി.ബസേലിയോസ് ബാവയുടെ 340-ആം ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നിന് തുടങ്ങും. ഒക്ടോബർ 4 ന് സമാപിക്കും. കുർബാനയ്ക്ക് ശേഷം

വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടിയേറ്റും. തുടർന്ന് എം ജെ എസ് എസ് എ മലബാർ ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും . പെരുന്നാളിന് മുന്നോടിയായി 27 ന് രക്തദാന ക്യാംപ് നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 2-ന് രാവിലെ കുർബാന , പ്രസംഗം , ആശിർവാദം , നേർച്ച ഭക്ഷണം എന്നിവ നടക്കും . പത്തുമണിക്ക് എൽദോ ബേസിൽ സംഗമവും തുടർന്ന് ചിത്രരചന മത്സരവും നടക്കും . വൈകീട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും. തൃശ്ശിലേരി മഹാദേവ ക്ഷേത്രം, തൃശ്ശിലേരി മഹല്ല് കമ്മിറ്റി എന്നിവയുടെ ഭാരവാഹികളും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും പങ്കെടുക്കും. 7:30 ന് ഭക്തസംഘടനകളുടെ വാർഷികവും ഉണ്ടാകും . 3 ന് കുർബാന , പ്രസംഗം , ആശീർവാദം , നേർച്ച ഭക്ഷണം എന്നിവ നടക്കും . വൈകിട്ട് 4 ന് മാനന്തവാടി സെൻറ് ജോർജ് ദേവാലയത്തിൽ നിന്ന് കാൽനടതീർത്ഥയാത്ര ആരംഭിക്കും . 6:30 ന് പള്ളിക്കവല വെച്ച് തീർത്ഥയാത്രയ്ക്ക് സ്വീകരണം നൽകും . തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം , സന്ധ്യാപ്രാർത്ഥന , പ്രസംഗം , ആശിർവാദം എന്നിവ നടത്തും . പ്രധാന പെരുന്നാൾ ദിനമായ 4 ന് മലബാർ ഭദ്രാസനാധിപൻ ഡോ . ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നുമേൽ കുർബാന നടത്തും . കാക്കവയിൽ കുരിശിങ്കലേക്ക് പ്രദക്ഷിണം , ബസേലിയൻ ചാരിറ്റി വിതരണം , ഓൺലൈൻ സുവിശേഷ ഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം എന്നിവ നടത്തും . ബസേലിയൻ കാരുണ്യ പുരസ്കാരം ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്ന സിസ്റ്റർ സെലിനും ബസേലിയൻ പ്രതിഭാ പുരസ്കാരം അജു ജോമോനും മൊതാപ്പോലീത്ത സമ്മാനിക്കും. പ്രതിഭകളെ ആദരിക്കൽ, സ്കോളർഷിപ് വിതരണം എന്നിവയും നടക്കും. തുടർന്ന് ലേലവും നേർച്ച ഭക്ഷണവും ഉണ്ടാകും. സമാപന ദിനമായ 5 ന് കുർബാനയ്ക്ക് ശേഷം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വൃദ്ധ സദനത്തിൽ സന്ദർശനം നടത്തും. ഉച്ചയ്ക്ക് 2 ന് കൊടി ഇറക്കും. പെരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷിൻസൺ മത്തോക്കിൽ, ട്രസ്റ്റി എൽദോ ചങ്ങമനാട്ട്, സെക്രട്ടറി ബേസിൽ ഞാറക്കുളങ്ങര, കൺവീനർ ബിനോയ്‌ ഐസക് കണ്ടത്തിൽ, പ്രോഗ്രാം കോ – ഓർഡിനേറ്റർ പി വി സ്കറിയ പുളിക്കക്കുട്ടി , പബ്ലിസിറ്റി കൺവീനർ അജീഷ് സജി വരമ്പേൽ,

തീർത്ഥയാത്ര കൺവീനർ പി.കെ.ജോർജ് പുളിക്കകുടിയിൽ എന്നിവർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *