കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിവേഗം മാറുന്നു: മന്ത്രി ഒ.ആര്‍ കേളു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിവേഗം മാറുന്നു: മന്ത്രി ഒ.ആര്‍ കേളു

 

വേറിട്ട കാഴ്ചകളൊരുക്കി ദിശ ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ

 

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതിവേഗം വളരുകയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ കുട്ടിയിലും രൂപപ്പെടുന്ന വ്യത്യസ്തമായ കഴിവും അഭിരുചികളും സ്‌കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകണമെന്നും മന്ത്രി പറഞ്ഞു.

 

വിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയില്‍ നടപ്പാക്കുന്ന വിജ്ഞാനോത്സവമായ ദിശ രണ്ടാം തവണയാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിനു ശേഷമുള്ള ഉപരി പഠനസാധ്യത പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. കരിയര്‍ സെമിനാറുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിഷയാവതരണ കരിയര്‍ കോണ്‍ക്ലേവ്, കരിയര്‍ ചാര്‍ട്ട് പ്രദര്‍ശനം, കുട്ടികളുടെ അഭിരുചി നിര്‍ണയിക്കുന്ന കേരള ഡിഫ്രന്‍ഷ്യല്‍ ആപ്റ്റിയൂഡ് ടെസ്റ്റ് – കെ. ഡാറ്റ്, കരിയര്‍ കഫെ, മെഗാ സെമിനാര്‍ എന്നിവയാണ് ദിശയുടെ ഭാഗമായി സംഘടിപ്പിച്ചത്. കരിയര്‍ സ്റ്റാളുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിജ്ഞാന കേരളം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തയ്യാറാക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി.

 

ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ദിശ എക്‌സ്‌പോയിലെത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വിജയന്‍, മീനാക്ഷി രാമന്‍, എ.എന്‍ സുശീല, മാനന്തവാടി ഗവവെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കെ സുരേഷ് കുമാര്‍, തൃശ്ശിലേരി ജി.എച്ച്.എസ്.എസ്പ്രിന്‍സിപ്പാള്‍ എ.പി ഷീജ,കരിയര്‍ ഗൈഡന്‍സ് സെല്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജോണ്‍, കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി സിമില്‍,സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ ആസിഫ്, എസ്.എം.സി ചെയര്‍മാന്‍ മൊയ്തൂട്ടി അണിയാരത്ത് എന്നിവര്‍ സംസാരിച്ചു.

 

വാക്ക് ഓവര്‍ ബ്രിഡ്ജ് മുതല്‍ പനാമ കനാല്‍ വരെ

 

സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ തിരക്ക് കുറയ്ക്കുവാന്‍ സഹായിക്കുന്ന വാക്ക് ഓവര്‍ ബ്രിഡ്ജ് മുതല്‍ പനാമ കനാല്‍, ഹൈഡ്രോളിക് ബ്രിഡ്ജ്, ലിഫ്റ്റ് ഇറിഗേഷന്‍ മാതൃകകളാണ് ദിശ എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ത്ഥികളാണ് സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ കാല്‍നട യാത്ര സുഗമമാക്കാന്‍ കഴിയുന്ന വാക്ക് ഓവര്‍ ബ്രിഡ്ജ് മാതൃക അവതരിപ്പിച്ചത്. സിവില്‍ എന്‍ജിനീയറിങ് ലാബുകളില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളും എന്‍ജിനീയറിങ് രംഗത്തെ പുതുമകളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധനേടി.

 

ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ടുകള്‍ വേഗത്തിലും കൃത്യതയോടെയും പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പിസിബി മില്ലിംങ് മെഷീന്‍, ആശയവിനിമയ സംവിധാനങ്ങളില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്ന ബ്ലൂ ജാമര്‍. ഇക്ട്രോണിക്‌സ് പരീക്ഷണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സര്‍ക്യൂട്ട് കിറ്റ് എന്നിവയ്ക്ക് പുറമെ മാനന്തവാടി ഗവ കോളേജിലെ ഇലക്ട്രോണിക്‌സ് പി.ജി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച മണ്ണ് പരിശോധനാ റോബോട്ടും വേറിട്ട കാഴ്ചയായി. തലപ്പുഴ ഗവ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ വാഹനങ്ങളുടെ എഞ്ചിന്‍ മോഡലുകള്‍, റോബോട്ടുകള്‍, ത്രീഡിപ്രിന്റിങ്, എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പെയിന്റിങ് എന്നിവയ്ക്കും കാഴ്ചക്കാര്‍ ഏറെയായിരുന്നു.

 

വേറിട്ട അനുഭവമായി കരിയര്‍ കഫെ

 

കാപ്പി കുടിക്കുന്നതിനൊപ്പം പുതിയ കാലത്തെ കരിയര്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് ദിശ എക്‌സിബിഷനിലെ കരിയര്‍ കഫെ. കരിയര്‍ വിദഗ്ധ എം.ടി ഫരീദ കഫെയില്‍ മുഖ്യാതിഥിയായി. ജ്യോതിസ് പോള്‍, പി.എ. അനു, സ്റ്റെല്ല ലിന്‍സി, സിസ്റ്റര്‍ മോളി തോമസ്, കെ എന്‍ ഇന്ദ്രന്‍ എന്നിവര്‍ കരിയര്‍ കഫെയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസൃതമായ കരിയര്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന കേരള ഡിഫ്രന്‍ഷ്യല്‍ ആപ്റ്റിയൂഡ് ടെസ്റ്റ്, കെ ഡാറ്റും മേളയില്‍ സംഘടിപ്പിച്ചിരുന്നു.

 

കരിയര്‍ എക്‌സ്‌പോയുടെ ഭാഗമായിനടത്തിയ കരിയര്‍കോണ്‍ക്ലേവ്വേറിട്ട അനുഭവമായി. ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഇന്‍ കരിയര്‍ എന്ന വിഷയത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറിവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കരിയര്‍ അവതരണ മത്സരം പങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും മികച്ചു നിന്നു. ദ്വാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലക്ഷ്മി സുരേഷ്, മുട്ടില്‍ ഡബ്ല്യൂ.ഒ.എച്ച്.എസിലെ ഫാത്തിമ റിയ, വെള്ളമുണ്ട ജി.എം.എച്ച്.എസിലെ പി അഭിനവ് എന്നിവര്‍ ഒന്ന്, രണ്ടേ, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് നവംബര്‍ 20 മുതല്‍ 23 വരെ കോട്ടയത്ത്നടക്കുന്ന ദിശ ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *