മാനന്തവാടി: ജനവിധി കവർന്നെടുത്ത് രാജ്യത്ത് അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ പുറത്താക്കാൻ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ആവശ്യപ്പെട്ടു. ‘വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന പ്രമേയവുമായി എടവക പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കരീം നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളാണ് ബിജെപി എന്ന് യൂസുഫ് ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒരു വിഭാഗം ജനങ്ങളെ വെട്ടിമാറ്റുകയും വ്യാജ വോട്ടർമാരെ തിരുകിക്കയറ്റുകയും ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ഫാഷിസത്തിന്റെ കുതന്ത്രങ്ങൾ പരാജയപ്പെടുമെന്നും ഇന്ത്യൻ ജനത ഭരണഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ആവോളം ആഘോഷിക്കുന്ന നല്ല നാളുകൾ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജനാധിപത്യ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ്, ജില്ലാ സെക്രട്ടറി സൽമ അഷ്റഫ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയംഗം ഫൗസിയ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ഹംസ തുടങ്ങിയവർ പങ്കെടുത്തു.
പാണ്ടിക്കടവിൽ നിന്ന് ആരംഭിച്ച പദയാത്ര ജില്ലാ സെക്രട്ടറി എസ്. മുനീർ ഉദ്ഘാടനം ചെയ്യുകയും മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞബ്ദുള്ള എം.ടി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
