തദ്ദേശ സ്ഥാപനങ്ങൾ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സി അസൈനാര്‍ 

തദ്ദേശ സ്ഥാപനങ്ങൾ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സി അസൈനാര്‍

-ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി

-വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വടുവന്‍ചാല്‍ ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച് അതത് തദ്ദേശ സ്ഥാപന പരിധിയില്‍ വരും നാളുകളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍ നിന്നും സ്വരൂപിക്കുക എന്നത് ലക്ഷ്യമിട്ടാണ് വികസന സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഐ അബ്ദുൾ ജലീല്‍ അവതരിപ്പിച്ചു.

ലൈഫ് പദ്ധതി, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം, വാതില്‍പ്പടി മാലിന്യ ശേഖരണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍, പൊതുസ്ഥലത്ത് സ്ഥാപിച്ച ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍ എന്നിവ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടപ്പിലാക്കിയതിന് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിനാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ഗ്രാമപഞ്ചായത്തിന് കീഴിലെ മുഴുവന്‍ എല്‍പി സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാതൃകാ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഡിജി കേരളം, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിവയിലും ഗ്രാമപഞ്ചായത്ത് ഏറെ മുന്നിലാണ്.

രണ്ട് പാലിയേറ്റീവ് യൂണിറ്റുകളുള്ള ജില്ലയിലെ ഏക ഗ്രാമപഞ്ചായത്താണ് അമ്പലവയൽ. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ മികച്ച പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ജില്ലയിലെ മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലാണ്.

വടുവന്‍ചാല്‍ ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷയായി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷെമീര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ സത്താര്‍, ഗ്ലാഡിസ് സ്‌കറിയ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി സെനു, ഷീജ ബാബു, ജെസ്സി ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ കെ വിമല്‍രാജ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ്, റിസോഴ്‌സ് പേഴ്‌സണ്‍ എന്‍ കെ രാജന്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

വികസന സദസില്‍ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ അടിസ്ഥാന, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സോളാര്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി 32.78 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിന് കീഴിലെ മുഴുവന്‍ പ്രാഥമിക സ്‌കൂളുകളിലും സാങ്കേതിക വിദ്യയിലൂടെ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തി പഠന പ്രക്രിയ കൂടുതല്‍ ആകര്‍ഷകമാക്കി. ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിയത് മികച്ച ചുവടുവെയ്പ്പായി വികസന സദസ് വിലയിരുത്തി.

ലൈഫ് ഭവന പദ്ധതിയില്‍ 278 വീടുകളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതില്‍ 128 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 122 വീടുകളുടെത് പുരോഗമിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ഭൂരഹിതരായ 53 ഗുണഭോക്താക്കള്‍ക്ക് വീടും സ്ഥലവും പഞ്ചായത്ത് ഉറപ്പാക്കി. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിലെ 3098 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. കെ സ്മാര്‍ട്ട് മുഖേന ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനാവശ്യങ്ങള്‍ക്കായി 4403 അപേക്ഷകള്‍ ലഭിക്കുകയും 3335 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു.

ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റമായി സര്‍ക്കാരിന്റെ ആര്‍ദ്രം പുരസ്‌കാരം മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. ജില്ലയില്‍ ഹോമിയോ, ആയുര്‍വേദ ഡിസ്പന്‍സറികള്‍ക്ക് ദേശീയ അംഗീകാരവും പ്രഥമ കായകല്‍പ പുരസ്‌കാരവും അമ്പലവയല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ലഭിച്ചു. കാര്‍ഷിക – മൃഗസംരക്ഷണ മേഖലകളിലെ പ്രവര്‍ത്തനമികവിന് സിഡിഎസിന് ഒന്നാം സ്ഥാനം ലഭിച്ചു.

എംസിഎഫ്, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്തുകള്‍, ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്ത് നൂതന പദ്ധതികള്‍ മാതൃകാപരമായി നടപ്പിലാക്കിയതിലൂടെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ജില്ലയിലെ ഏറ്റവും മികച്ച ഹരികര്‍മ്മസേന കണ്‍സോര്‍ഷ്യം, ഗ്യാസ് ക്രിമറ്റോറിയം, ജനകീയ ആരോഗ്യ ഉപകേന്ദ്രം, ടേക്ക് എ ബ്രേക്ക് തുടങ്ങിയ മാതൃകാ പദ്ധതികളും പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസില്‍ ശ്രദ്ധേയമായി ഓപ്പണ്‍ ഫോറത്തിലെ പൊതുജന നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സംതൃപ്തി അറിയിക്കുകയും ഭാവിയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു. ഗ്രാമീണ റോഡ് വികസനം, ടൂറിസം, വയോജന സംരക്ഷണം, പകല്‍ വീടുകളുടെ വിപുലീകരണം, വനിതകളുടെ സ്വയം പര്യാപ്തത, നൂതന സംരംഭങ്ങള്‍, അമ്പലവയല്‍ എഫ് എച്ച് എസ് സി താലൂക്കാശുപത്രിയായി ഉയര്‍ത്തല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍, നൂതന തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ സമഗ്ര പദ്ധതികള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാനും ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു. വയോജനങ്ങള്‍ക്കായി തയ്യാറാക്കിയ പകല്‍ വീടുകളിലേക്ക് വാഹന സൗകര്യം, ഭക്ഷണം, മിനി ലൈബ്രറി, വിവിധ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് പഞ്ചായത്ത് തലത്തില്‍ ശക്തമായ പദ്ധതികള്‍ നടപ്പാക്കണം. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്നും കുഴഞ്ഞുവീണ് മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സിപിആര്‍. പരിശീലനം ബോധവത്കരണം നല്‍കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കണം.

കാരപ്പുഴ പദ്ധതി പ്രദേശത്തെ കാര്‍ഷിക മേഖലയില്‍ വന്യമൃഗ ശല്യം കുറയ്ക്കാന്‍ അടിക്കാട് വെട്ടി ഉദ്യാനം നിര്‍മ്മിക്കാനും പ്രദേശത്തെ ഉന്നതിയിലേക്ക് ഗതാഗത സൗകര്യവും ലഭ്യമാക്കാനും നിര്‍ദ്ദേശമുയര്‍ന്നു. പെരുമ്പാടിക്കുന്ന്-ചെറുവയല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്ക പാലം യാഥാര്‍ത്ഥ്യമാക്കല്‍, ആയിരംകൊല്ലി -മീനങ്ങാടി-54 റോഡിലെ നടപ്പാത സംരക്ഷണ ഭിത്തി നിര്‍മ്മിക്കല്‍, പഞ്ചായത്തിലെ

കിടപ്പുരോഗികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ ഉറപ്പാക്കല്‍, അങ്കണവാടികളില്‍ വൈഫൈ സൗകര്യം ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിര്‍മ്മാണവും ചര്‍ച്ച ചെയ്തു.

പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകള്‍ക്ക് വികസന സദസിലെ ഓപ്പണ്‍ ഫോറത്തില്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *