വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു.

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഒക്ടോബർ ഒന്നുമുതൽ 19 കിലോ സിലിണ്ടറിന്റെ വിലയിൽ 15 രൂപയുടെ വർധനയാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്.ഏപ്രിൽ മുതൽ ജൂലൈ വരെ, 19 കിലോഗ്രാം എൽപിജി വിലയിൽ ഡൽഹിയിൽ 138 രൂപയും കൊൽക്കത്തയിൽ 144 രൂപയും മുംബൈയിൽ 139 രൂപയും ചെന്നൈയിൽ 141.5 രൂപയുമാണ് മൊത്തത്തിൽ കുറച്ചത്.നിലവിൽ കൊൽക്കത്തയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1700 രൂപയാണ്. ഡൽഹി 1595, മുംബൈ 1547, ചെന്നൈ 1754 എന്നിങ്ങനെയാണ് പുതുക്കിയ വില. ഏപ്രിലിൽ 50 രൂപ വർധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *