ആനപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തുനായയെ കൊന്നുതിന്നു

അമ്പലവയൽ:* അമ്പലവയൽ ആനപ്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നുതിന്നു. ഇന്ന് പുലർച്ചെ ആനപ്പാറ പാലത്തിന് സമീപം താമസിക്കുന്ന കളത്തിങ്കൽ വേണുഗോപാലിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്.

 

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പശുവും കിടാങ്ങളുമുള്ളതിനാൽ വേണുഗോപാലും കുടുംബവും കടുത്ത ഭീതിയിലാണ്.

 

ഒരാഴ്ച മുൻപ് സമീപപ്രദേശമായ പാടിപ്പറമ്പിൽ പുലിയിറങ്ങി ആടിനെ പിടികൂടിയിരുന്നു. ഈ സംഭവത്തിന്റെ ഭീതി വിട്ടുമാറും മുൻപാണ് പുതിയ ആക്രമണം. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. പുലിയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *