കബനിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓപ്പൺ ഫോറം
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസിലെ ഓപ്പണ്‍ ഫോറം പൊതുജന നിര്‍ദ്ദേശങ്ങളാൽ ശ്രദ്ധേമായി.
കബനി നദിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ കൃഷിഭൂമിയിൽ എത്തിക്കുന്നതിനുള്ള വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുക, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, ലൈഫ് പദ്ധതിയിൽ വാർഡ് തല വികസന സമിതികൾ രൂപീകരിക്കുക, കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ വിനിയോഗിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണസമിതിക്ക് നൽകുക, ആരോഗ്യ മേഖലയിൽ കൃത്യമായ നിയമനങ്ങൾ നടത്തുക, പെരിക്കല്ലൂർ കെഎസ്ആർടിസി ബസ് ഓപറേറ്റിങ് കേന്ദ്രം ഫലപ്രദമായി നടപ്പിലാക്കുക, പാതിരി ചങ്ങല ഗേറ്റ് -ചേകാടി വഴി മാനന്തവാടി മെഡിക്കൽ കോളജിലേക്കുള്ള യാത്ര സൗകര്യം ലഭ്യമാക്കുക, ഗ്രാമീണ റോഡ് വികസനം, വിനോദസഞ്ചാരം, വനിതകളുടെ സ്വയം പര്യാപ്തത, നൂതന സംരംഭങ്ങള്‍, പുൽപള്ളി കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍, നൂതന തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ സമഗ്ര പദ്ധതികള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.
വരൾച്ച നേരിടുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കബനി നദിയിലെ ജലം കർഷകർക്കാവശ്യമായ രീതിയിൽ എത്തിക്കുന്ന ബൃഹദ് പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യണമെന്ന് പൊതു ജനങ്ങൾ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ എംഫിൽ, പിഎച്ച്ഡി ചെയ്യാൻ ജില്ലയിൽ അവസരങ്ങൾ ഒരുക്കണം. വനത്താൽ ചുറ്റപ്പെട്ട മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വന്യമൃഗശല്യവും പ്രധാന ചർച്ചയായി. കാർഷിക മേഖലയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്നും കൃഷിയിടങ്ങളിൽ തൊഴിലുറപ്പ് പ്രവർത്തികൾ സജീവമായി നടത്തണമെന്നും ആവശ്യമുയർന്നു. ലൈഫ് പദ്ധതിയിൽ വാർഡ് തല സമിതികൾ രൂപീകരിച്ച് അർഹരായവരെ തിരഞ്ഞെടുക്കണം. വിവിധ പദ്ധതികൾ നിർവഹിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനിയോഗിക്കാനുള്ള അധികാരം നൽകണമെന്നും ഓപ്പൺ ഫോറത്തിൽ ആവശ്യപ്പെട്ടു.
നാടിന്റെ സമഗ്ര വികസനത്തിന് കൂട്ടായ്മ അനിവാര്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ
സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾ സമഗ്രമായി നടപ്പാക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമെന്ന് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ.
മുള്ളൻകൊല്ലി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഗ്രാമപഞ്ചായത്ത് ജൂനിയർ സുപ്രണ്ട് കെ എം അബ്ദുള്ള അവതരിപ്പിച്ചു.
മൂന്ന് വശങ്ങളും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മുള്ളൻകൊല്ലി.
ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ്. തനത് വരുമാനം ഏറ്റവും കുറവാണെങ്കിലും വിവിധ സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തി ഫണ്ടുകളും ആനുകൂല്യങ്ങളും ജനങ്ങൾക്ക് കൃത്യമായി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
