കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

നിയമവിരുദ്ധമായി ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ച ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണം: അഡ്വ. ടി ജെ ഐസക്

കോട്ടത്തറ: നിയമവിരുദ്ധമായി ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വയനാട് ജില്ലയിലെ 11 സഹകരണ ബാങ്കുകളുടെ ഭരണസമിതി സര്‍ചാര്‍ജ് ചുമത്തി പിരിച്ചുവിട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ആവശ്യപ്പെട്ടു. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ച 11 ബാങ്കുകള്‍ക്ക് മുമ്പിലെ സമരപരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടത്തറ സര്‍വീസ് സഹകരണ ബാങ്കിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ നിയമത്തിലെ 57ാം വകുപ്പ് പ്രകാരം, സഹകരണ സ്ഥാപനത്തിലെ പണം എവിടെ നിക്ഷേപം ചെയ്യണമെങ്കിലും രജിസ്ട്രാറുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ഈ 11 സഹകരണ സംഘങ്ങളും രജിസ്ട്രാറുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി കാല്‍കോടിയോളം രൂപ നിക്ഷേപിച്ച എല്‍ ഡി എഫ് ഭരണസമിതി അംഗങ്ങളില്‍ നിന്നും തുക ഈടാക്കണം. ബ്രഹ്‌മഗിരി തട്ടിപ്പില്‍ 2019-ലെ ബഡ്‌സ് ആക്ട് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട്) അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തുവന്ന കണക്ക് അനുസരിച്ച് 600 ആളുകളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. 120 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇപ്പോള്‍ വരുന്നത് ഓഡിറ്റ് ചെയ്ത കണക്കല്ല, അതുകൊണ്ട് ബ്രഹ്‌മഗിരി സ്ഥാപിച്ച നാള്‍ മുതല്‍ സൊസൈറ്റിയിലേക്ക് വന്നതിന്റെയും ചിലവായതിന്റെയും കണക്കുകള്‍ നിക്ഷ്പക്ഷ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പര്‍ പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. പി കെ അബ്ദുറഹ്‌മാന്‍, ശോഭനകുമാരി, പോള്‍സണ്‍ കൂവക്കല്‍, മാണി ഫ്രാന്‍സിസ്, സുരേഷ് ബാബു വാളല്‍, പി പി റെനീഷ്, സി കെ ഇബ്രായി, വി.ആര്‍ ബാലന്‍, ഹണി ജോസ്, ഒ.ജെ മാത്യു, ജോസ് മേട്ടയില്‍, ബേബി പുന്നക്കല്‍, ജോസ്പീയൂസ്, എം.വി ടോമി, വേണുഗോപാല്‍ വി കെ, കെ കെ പ്രഭാകരന്‍, ഷാജു വി എം ,പി ഇ വിനോജ്, പുഷ്പസുന്ദരന്‍, ടി.ഇബ്രായി, ആന്റണി പാറയില്‍ ,ശാന്ത ബാലകൃഷ്ണന്‍, ഇ.ആര്‍ പുഷ്പ, രശ്മി ജോസഫ്എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *