മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

 

ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

 

വായ്പ എഴുതിത്തള്ളുന്നത് സാമ്പത്തികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ദുരന്ത നിവാരണ നിയമത്തിലോ മറ്റ് ചട്ടങ്ങളിലോ ഇതിന് വ്യവസ്ഥയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, ദുരിതബാധിതർക്ക് നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ഉൾപ്പെടെയുള്ള ഇളവുകൾ നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 

ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രത്തിന് വ്യക്തമായ നിലപാട് അറിയിക്കാൻ കഴിയാത്തതിനെ കോടതി മുൻപ് വിമർശിച്ചിരുന്നു. കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയത് ഒരു മാതൃകയാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേന്ദ്രത്തിന്റെ നിലപാടിന്മേൽ ഹൈക്കോടതിയുടെ തുടർ നടപടികൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *