കേരള ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ക്ഷേമനിധി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ:ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലയിലെ ആറ് ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ഫലപ്രദമായ രീതിയിൽ ഇഎസ്ഐ ചികിത്സാ പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസം, വിവാഹം,ചികിത്സ, മരണാനന്തര ചെലവുകൾക്കായുള്ള ക്ഷേമനിധി വിതരണം സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക, ചുമട്ടുതൊഴിലാളികൾക്ക് 26 Aഅനുവദിക്കുന്നത് ജില്ലാ ക്ഷേമ ബോർഡുകളുടെ അഭിപ്രായം കൂടി പരിഗണിച്ചു നടപ്പിലാക്കുക , എൻഎഫ് എസ്,സിവിൽ സപ്ലൈസ്,എഫ്സിഐ, ബീവറേജസ് ഗോഡൗണുകളിലെ സുരക്ഷ വർധിപ്പിക്കുകയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ച കരാർ നടപ്പാക്കുകയും ചെയ്യുക, സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ പെൻഷൻ തുക വർധിപ്പിക്കുകയും, അവരെ ക്ഷേമനിധിയിൽ അംഗങ്ങൾ ആക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക തുടങ്ങി 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയിലെ കൽപ്പറ്റ,ബത്തേരി, മാനന്തവാടി,പനമരം,മീനങ്ങാടി, പുൽപ്പള്ളി ക്ഷേമനിധി ബോർഡ് ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.പ്രക്ഷോഭത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളി ക്ഷേമനിധി ഓഫീസിനു മുൻപിൽ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി നിർവഹിച്ചു. മണി പാമ്പനാൽ അധ്യക്ഷത വഹിച്ചു. എൻ യു ഉലഹന്നാൻ, പി എൻ ശിവൻ, സി എ ഗോപി,ജിനി തോമസ്,പിഡി ജോണി, മനോജ് ഉതുപ്പാൻ, റെജു ഇരുളം, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.മാനന്തവാടിയിൽ ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷത വഹിച്ചു. എംപി ശശികുമാർ, പി ബി മൊയ്തു, ജോർജ് പടകൂട്ടിൽ, മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.ബത്തേരിയിൽ സിപി വർഗീസ് ഉദ്ഘാടനം ചെയ്തു. ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. വിപി മൊയ്തീൻ, ജിജി അലക്സ് പ്രസംഗിച്ചു.മീനങ്ങാടിയിൽ സലാം മീനങ്ങാടി ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷൻ ആയിരുന്നു. എൽദോ കുമ്പളേരി, ഉമ്മർ കാക്കവയൽ, പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. കണിയാമ്പറ്റയിൽ ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഷാജി കോരൻ കുന്നൻ അധ്യക്ഷത വഹിച്ചു. കൽപ്പറ്റയിൽ കെ കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാടായി അധ്യക്ഷൻ ആയിരുന്നു. അഷറഫ് ഗൂഡലായി, മഹേഷ് കേളോത്ത്, നാസർ കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *