വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ജേഴ്സി വിതരണം ചെയ്തു
ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന
സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി ജെഴ്സി വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ അറ്റ്ലറ്റിക്സിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി തുടർച്ചയായ പരിശീലനം നൽകുക, സ്കൂളുകളിൽ ഓണറേറിയം നൽകുക, കായിക അധ്യാപകരെ നിയമിച്ച് പരിശീലനത്തിനായി ഉപയോഗപ്പെടുത്തുക, കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, ജേഴ്സി, സ്പോർട്സ് കിറ്റ് എന്നിവ വാങ്ങി കായിക കഴിവുകൾ വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുകയുന്നതിനെപ്പം കായിക മേഖലയിലെ മികവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺമാരായ സീത വിജയൻ, ഉഷ തമ്പി, ബീന ജോസ്, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ജെറിൻ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസ്, ജില്ലാ സ്കൂൾ ഗെയിം അസോസിയേഷൻ സെക്രട്ടറി അരുൺ ടി ജോസ്, എന്നിവർ സംസാരിച്ചു. സംസ്ഥാന കായിക മേളയിൽ ജിലേ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സ്കൂളുകളിലെ കായികാധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
