വയനാട് അതിദാരിദ്ര്യ മുക്തം, പ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കാനുള്ള കപട പ്രചാരണം: എസ്ഡിപിഐ

കൽപ്പറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചുവെക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിൻ്റെ പിന്നോക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.

പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, നിത്യരോഗികളും ഭൂരഹിതരും ഭവനരഹിതരുമായ നിരവധി ആദിവാസി-ഗോത്ര വിഭാഗങ്ങൾ ജില്ലയിലുണ്ട്. സാമ്പത്തീക പരാധീനതകളാൽ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വരുന്ന കുടുംബങ്ങളനവധിയുണ്ട്. ആരോഗ്യമേഖലയും പരിതാപകരമായ അവസ്ഥയിലാണ്. വയനാട് മെഡിക്കൽ കോളേജ് ഇന്നും പൂർണ്ണാർത്ഥത്തിൽ യാഥാർത്യമായിട്ടില്ല. ഏത് രോഗാവസ്ഥയിലും തുടർ ചികിൽസകൾക്കായി ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടകൈ-ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസം ഇനിയും എങ്ങുമെത്തിയിട്ടില്ല. ജീവഹാനിയും കൃഷി നാശങ്ങളും തുടർക്കഥകളാവുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. വർഷങ്ങളായി നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനം, ബഫർസോൺ, ചുരം ബദൽ റോഡ് തുടങ്ങി വികസനാവശ്യങ്ങൾ പലതും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ജില്ലയുടെ വികസനചിത്രം. യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടക്കുകയും അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള വാചകക്കസർത്ത് മാത്രമാണെന്നും ഇത്തരം ഭരണകൂട കാപട്യങ്ങൾക്കെതിരെ ജനകീയ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ തോമസ് കെ ജെ, എൻ. ഹംസ, ജില്ലാ സെക്രട്ടറി ബബിത ശ്രീനു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ മഹ്‌റൂഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *