‘സ്പന്ദനം’ കണ്ടെത്തി: ഉയരങ്ങൾ നേടി വയനാട്ടിലെ മിടുക്കർ!

മാനന്തവാടി : വയനാട് ജില്ലാ ആസ്പത്രിയിയുമായി ബന്ധപ്പെട്ട് നിർദ്ധനരായ രോഗികളെ സഹായിക്കാനായി 2007 ൽ തുടങ്ങിയ സ്നേഹക്കൂട്ടായ്മയാണ് ‘സ്പന്ദനം മാനന്തവാടി.

2018 ലെ മഹാപ്രളയത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 വീടുകൾ ഉണ്ടാക്കി നൽകി. 2022 ൽ 22 നിർദ്ധന യുവതികൾക്ക് മംഗല്യസൗഭാഗ്യത്തിന് ‘സമൂഹവിവാഹം ‘ നടത്തി. 2024 ൽ മെഗാ ക്വിസ്. അനേകം രോഗികളുടെ കുടുംബങ്ങൾക്ക് ആശ്രയമായി ചികിത്സാ സഹായവും ഭക്ഷണ കിറ്റും നൽകിവരുന്നു. സ്നഹ പരിചരണ പ്രവർത്തനങ്ങൾക്കിടെ വേറിട്ട ദൗത്യം എന്ന നിലക്ക് സ്പന്ദനം തുടങ്ങിവെച്ച ‘വിദ്യാ സ്പന്ദനം’ പ്രൊജക്ടിലൂടെ ഇപ്പോൾ വയനാട്ടുകാരായ ഒട്ടനവധി മിടുക്കരായ വിദ്യാർത്ഥികളാണ് രാജ്യത്തെ മികച്ച ഉന്നത പഠന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച് പഠനം തുടരുന്നത്. പേരു കേട്ട പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രമായ പാലായിലെ ബ്രില്യന്റ് അക്കാഡമിയുമായി സഹകരിച്ച് 2022-23 വർഷം മുതൽ ആരംഭിച്ച പദ്ധതിയിലൂടെ നമ്മുടെ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നായി അൻപതിൽപരം മിടുക്കരായ വിദ്യാർത്ഥികൾക്ക് രാജ്യത്തെ മികച്ച ഉന്നത പഠന കേന്ദ്രങ്ങളായ AIIMS,IIT, IISER,NIT,CETഎന്നിവിടങ്ങളിലും മറ്റ് സർക്കാർ മെഡിക്കൽ – എഞ്ചിനീയറിംഗ് – അഗ്രിക്കൾച്ചർ -നേഴ്സിംഗ് സ്ഥാപനങ്ങളിലും മികച്ച -സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, ഗവേഷണം, കൃഷിശാസ്ത്രം, നേഴ്സിംഗ് ഡിഗ്രി എന്നിങ്ങനെ മികച്ച കോഴ്സുകൾക്കാണ് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്!

പ്ലസ്ടു പഠനത്തിന് ശേഷം മികച്ച സ്കോർ ലഭിച്ചിട്ടും സാമ്പത്തിക – സാമൂഹ്യ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് മികച്ച പ്രവേശന പരീക്ഷാ പരിശീലനത്തിന് അവസരo നിഷിദ്ധമായിരുന്ന മിടുക്കരായ വിദ്യാർത്ഥികളെ വയനാടിന്റെ മുക്കിലും മൂലയിലും നിന്ന് കണ്ടെത്തി കൈ പിടിച്ചുയർത്തി പാലായിലെ ബ്രില്ല്യന്റ് സ്ഥാപനത്തിലേക്ക് ‘സ്പന്ദനം’ കൊണ്ട് വിട്ട് ഒരു വർഷം നീളുന്ന തീവ്ര പരിശീലനത്തിന് അവസരമൊരുക്കുകയായിരുന്ന!

‘സ്പന്ദനം ‘ തെരഞ്ഞെടുത്തയച്ച മിടുക്കികൾക്കും മിടുക്കൻമാർക്കും ബ്രില്ലന്റ് അക്കാഡമി ഫീസിളവ് നൽകി കൂടെ ചേർത്തു നിർത്തി. ഹോസ്റ്റൽ ഫീസും യാത്രാ ചെലവും ലാപ് ടോപ് പോലെ പഠന സാമഗ്രികളും നൽകി റിഷി എഫ്.ഐ. ബി.സി. കമ്പനി കൂടെ നിന്നു. മാനന്തവാടി താന്നിക്കൽ സ്വദേശിയായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസ് എന്ന സംരഭക വ്യവസായി വളർത്തി വലുതാക്കിയെടുത്ത ബൃഹദ്‌വ്യവസായ സ്ഥാപനമാണ് കർണാടകയിലെ നഞ്ചൻകോട്ടും ഗുജറാത്തിലെ വഡോദരയിലും ഫാക്ടറികൾ പ്രവർത്തിക്കുന്ന റിഷി/ ഗ്രീൻ പ്രോ ഗ്രൂപ്പ് ഒഫ് കമ്പനീസ്.പഠന കാലത്ത് വലിയ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്ന സ്വന്തം അനുഭവങ്ങളാണ് പഠിക്കാൻ മിടുക്കരായ വർക്ക് കൈത്താങ്ങാകാനുള്ള ‘സ്പന്ദനം’ പദ്ധതിക്ക് പിന്തുണ നല്കാൻ ശ്രീ.ജോസഫ് ഫ്രാൻസിസിന് പ്രേരണയായത്. ഇന്നിപ്പോൾ ആസ്സാമിലെ ഗോഹട്ടി ഐ.ഐ.ടി.യിൽ ഡിസൈനിംഗ് പഠിക്കുന്ന എടവക ദ്വാരകക്കാരൻ

ശ്രീഹർഷ് എസ് പ്രസാദ്, കൊൽക്കത്ത ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസ്. പഠിക്കുന്ന കൽപ്പറ്റക്കാരി അലൈന.കെ,ഒഡിഷയിലെ ബെഹ്റാംപൂർ ഐ ഐ എസ് ഇ ആർ ൽ പഠിക്കുന്ന വെള്ളമുണ്ടക്കാരൻ മുഹമ്മദ് നബിൽ, ഖരഗ്പൂർ ഐ.ഐ.ടി.യിൽ പഠിക്കുന്ന തൊണ്ടർനാട് സ്വദേശി അൻഷാദ് ബഷീർ, കോഴിക്കോട് എൻ.ഐ.ടി.യിൽ പഠിക്കുന്ന കമ്മനക്കാരൻ വൈഷ്ണവ്.എസ്., കോന്നി ഗവ. മെഡിക്കൽ കോളേജിൽ പഠിക്കുന്ന പൂതാടി സ്വദേശിനി അർച്ചന എസ്, തിരുവനന്തപുരം സി.ഇ.ടി.യിൽ പഠിക്കുന്ന പുൽപ്പള്ളിക്കാരൻ കാശിനാഥ്, ഹൈദരബാദ് എൻ.ഐ.ടി.യിൽ എഞ്ചിനീയറിംഗ് ചെയ്യുന്ന അഞ്ചുകുന്നിലെ അലിന ടോമി, മഹാരാഷ്ട്രയിൽ ബി.എസ്.സി അഗ്രിക്കൾച്ചർ പഠിക്കുന്ന കാരക്കാമലയിലെ സന ഷെറിൻ അങ്ങിനെയങ്ങിനെ മിടുക്കരായ എത്രയോ കുട്ടികൾക്കാണ് കയ്യെത്താ ദൂരത്തായിരുന്ന വലിയ അവസരങ്ങൾ ‘സ്പന്ദനം മാനന്തവാടി’ അവരെ കണ്ടെത്തി ഒരുക്കിക്കൊടുത്തത്.!

ഈ വർഷവും വയനാടിന്റെ വിവിധയിടങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 18 മിടുക്കർ ബില്ല്യന്റിൽ പരിശീലനം നടത്തുന്നുണ്ട്.

മുൻ അദ്ധ്യാപകരായിരുന്ന മാനന്തവാടി സ്വദേശികളായ ബാബുഫിലിപ്പ് കുടക്കച്ചിറ പ്രസിഡണ്ടും ജോൺ പി.സി.സെക്രട്ടറിയും ശ്രീ.ജസ്റ്റിൻ പനച്ചിയിൽ ട്രഷററും കെ.എം. ഷിനോജ് പിആർഒ യും ആയ ഭരണസമിതിയാണ് ഇപ്പോൾ ‘സ്പന്ദനം’ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ.ഗോകുൽദേവ്, ഫാ. വർഗ്ഗീസ് മറ്റമന, ജോസ് എലഞ്ഞിമറ്റം എന്നിവരാണ് ഡയറക്ടർമാർ. ശ്രീ. ജോസഫ് ഫ്രാൻസിസ് മുഖ്യ രക്ഷാധികാരിയും മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരായ മാവറ വർക്കി, ഇ.എം.ശ്രീധരൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും പ്രവർത്തിക്കുന്നു. റിട്ടയർഡ് അദ്ധ്യാപകർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങി സാമൂഹ്യ മേഖലയിൽ നല്ല പ്രതിഛായയുള്ളവരായ 27പേർ അടങ്ങുന്ന കൂട്ടായ്മാണ് ‘സ്പന്ദനം മാനന്തവാടി ‘ !

Leave a Reply

Your email address will not be published. Required fields are marked *