ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല കായിക മേള ബഡ്സ് ഒളിമ്പിയ -2025ൽ നൂൽപുഴ ചിമിഴ് ബഡ്സ് സ്കൂൾ ചാമ്പ്യൻമാരായി. 75 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. 65 പോയിന്റ് നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് രണ്ടാം സ്ഥാനവും 56 പോയിന്റുമായി കൽപ്പറ്റ ബഡ്സ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മിഥുൻ, ശ്രീലക്ഷ്മി ബിനീഷ് എന്നിവരും സീനിയർ വിഭാഗത്തിൽ കിരൺ, മോനിഷ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
കൽപറ്റ എം.കെ ജിനചന്ദ്രൻ ജില്ലൈ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കായിക മേള വയനാട് അസിസ്റ്റന്റ് കളക്ടർ അർച്ചന പി.പി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജിജി അബ്രഹാം മുഖ്യതിഥിയായി. വിഭിന്നശേഷി കുട്ടികളുടെ ആരോഗ്യവും കായികപരമായ കഴിവുകളും വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും കുടുംബശ്രീ കായികമേളകൾ സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ലോവർ എബിലിറ്റി, ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 50, 100 മീറ്റർ ഓട്ടം, ലോങ്ങ് ജംപ്, 100 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ത്രോ, ഷോർട്പുട്ട്, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, റിലേ, ബാസ്കറ്റ് ബോൾ ത്രോ, എന്നിവയായിരുന്നു മത്സര ഇനങ്ങൾ. പ്രത്യേകം രൂപകൽപ്പന ചെയ്ത കായിക ഇനങ്ങളിൽ ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ.എം സലീന, വി.കെ റെജീന, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ് എന്നിവർ സംസാരിച്ചു. ജില്ലാതല മത്സര വിജയികൾ ഡിസംബർ 29, 30 തിയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മീറ്റിൽ മത്സരിക്കും.
