മുണ്ടക്കൈ പുനരധിവാസം ദുരന്തബാധിതരെ വീണ്ടും കോൺഗ്രസ്‌ കബളിപ്പിക്കുന്നു: കെ റഫീഖ്‌

കൽപ്പറ്റ:വോട്ടിനായി ദുരന്തബാധിതരെ കോൺഗ്രസ്‌ വീണ്ടും കബളിപ്പിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. ദുരന്തബാധിതർക്ക്‌ വീടിനെന്ന പേരിൽ പണം പിരിച്ച കോൺഗ്രസും യൂത്ത്‌ കോൺഗ്രസും വീട്‌ നിർമാണത്തിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണിൽപൊടിയിട്ട്‌ നേട്ടമുണ്ടാക്കാൻ ദുരന്തബാധിതരെ വീണ്ടും കബളിപ്പിക്കുന്നത്‌ ക്രൂരമാണ്‌. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുത്തെങ്കിൽ എവിടെയാണെന്ന്‌ വ്യക്തമാക്കണമെന്ന്‌ റഫീഖ്‌ കൽപ്പറ്റ എ കെ ജി ഭവനിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

കൽപ്പറ്റ എംഎൽഎ സ്ഥലം കണ്ടെത്തിയെന്ന്‌ പറയുമ്പോൾ മൂന്നുസ്ഥലം പരിഗണനയിലുണ്ടെന്നും ഉടൻ കണ്ടെത്തുമെന്നുമാണ്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌. ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ്‌ പിരിച്ച പണം എത്രയെന്ന്‌ ഇതുവരെ പുറത്തുവിടാൻ തയ്യാറായിട്ടില്ല. വ്യത്യസ്ത പണപ്പിരിവുകൾ നടത്തി കോൺഗ്രസ് 100 നൂറ്‌ വീട്‌, രാഹുൽ ഗാന്ധി 100 വീട്‌, യൂത്ത്‌ കോൺഗ്രസ്‌ 30 വീട്‌ എന്നിങ്ങനെയാണ്‌ പ്രഖ്യാപിച്ചത്‌. 230 വീട്‌ നൽകാൻ പണംപിരിച്ചവർ ആകെ നൂറുവീടാണ്‌ നിർമിക്കുകയെന്നാണ്‌ ഏറ്റവും ഒടുവിൽ പറയുന്നത്‌. ഒരു വീടിനുപോലും സ്ഥലം കണ്ടെത്താതെയാണ്‌ വീണ്ടും നാട്ടുകാരെ വഞ്ചിക്കുന്നത്‌. മദ്യവും പണവും ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാനും യുഡിഎഫ്‌ ശ്രമിക്കുന്നു. ദുരന്തബാധിതരോട്‌ കോൺഗ്രസ്‌ നടത്തിയ കൊള്ളയ്‌ക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും ജില്ലയിൽ വിജയം ഉറപ്പിച്ച്‌ എൽഡിഎഫ്‌ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *