കല്‍പ്പറ്റ: ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 20 വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് പദ്ധതിയുടെ പേരും ഘടനയും മാറ്റാന്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍ നീതികേടാണെന്നും പദ്ധതിയെ തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍. മഹാത്മാഗാന്ധിയുടെ പേരിനെ പോലും ഭയപ്പെടുന്ന സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായാണ് പേരു മാറ്റത്തിന്റെ കാരണം. അതിനോടൊപ്പം പദ്ധതിയുടെ നടത്തിപ്പില്‍ ഘടനാപരമായ മാറ്റം മേഖലയെ ഇല്ലാതാക്കുകയും ചെയ്യും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ 90 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനവും തുക വകയിരുത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. പുതിയ ബില്ല് അംഗീകരിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 60 ശതമാനമായി കുറയുകയും 40 ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഇിതിന് പുറമെ പഞ്ചായത്ത് രാജ് സംവിധാനം നിലനിര്‍ത്തുന്ന ഗ്രാമസഭകള്‍ക്ക് തെമാഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്യാനുള്ള അവകാശവും ഹനിക്കപ്പെടും. തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയല്‍ കോസ്റ്റ് ഉള്‍പ്പെടുത്തിയാണ് ഗ്രാമീണ മേഖലയില്‍ റോഡുകളും, കെട്ടിടങ്ങളും അടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പ്രസ്തുത പദ്ധതികള്‍ക്ക് 75 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. പുതിയ ബില്ലില്‍ 60 ശതമാനം മാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയുള്ളൂ എന്നുള്ളത് ഇത്തരം വികസന പ്രവര്‍ത്തനങ്ങളുടെ അളവ് കുറയാന്‍ കാരണമാകും. ഏതൊക്കെ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രതലത്തില്‍ തീരുമാനിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ബി.ജെ.പി അധികാരത്തിലെത്തിയ നാള്‍ മുതല്‍ തൊഴിലുറപ്പ് പദ്ധതിയിലെ ലേബര്‍ ബജറ്റ് വെട്ടിക്കുറക്കുന്നത് പതിവ് രീതിയാണ്. 10.5 കോടി തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നത് ഈ സാമ്പത്തിക വര്‍ഷം അഞ്ചു കോടി തൊഴില്‍ ദിനങ്ങളായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയ തൊഴില്‍ ദിനങ്ങളെക്കാള്‍ അധികം തൊഴില്‍ നല്‍കിയാല്‍ അതിന്റെ മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും വേണം. ഈ സമീപനം വരുമ്പോള്‍ അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കാതിരിക്കുക എന്നുള്ളതായിരിക്കും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന തീരുമാനം. ഇത് ബാധിക്കുന്നത് നിരവധി കുടുംബങ്ങളെയാണ്. ഇത്തരത്തില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടി ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കണമെന്നും സംഷാദ് മരക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
