മുട്ടിൽ:ആഗോളതലത്തിൽ അറബി ഭാഷയ്ക്കുള്ള സ്വാധീനവും തൊഴിൽസാധ്യതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭാഷാ പഠനത്തിന് പ്രസക്തിയേറുന്നതായി വയനാട് ജില്ല അസി.കലക്ടർ ശ്രീമതി അർച്ചന ഐ.എ.എസ് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അറബി ഭാഷ ഏറ്റവും വലിയ സാമ്പത്തിക-സാംസ്കാരിക വിനിമയ ഉപാധികളിലൊന്നായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.വകുപ്പ് മേധാവി ഡോ.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു.കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി കൺവീനർ അഡ്വ.കെ മൊയ്തു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ പരിപാടിയെ അഭിസംബോധ ചെയ്തു. യുവ സംരംഭകനും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ നസീർ ഗസ്സാലി അറബ് തൊഴിൽ വിപണിയിലെ വിപുലമായ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ മാഗസിനുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.കെ-ടെറ്റ് കരസ്ഥമാക്കിയ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അനസ്,എൻ സി സി ദേശീയ ക്യാമ്പിൽ പങ്കെടുത്ത മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഇസ്മാഈൽ എന്നിവരെ ആദരിച്ചു.
അരീക്കോട് എസ്എസ്എ കോളേജ് അസി.പ്രഫസർ ഡോ.അബ്ദുല്ല നജീബ്, ശൈല കെ.എച്ച്,ഡോ.യൂസഫ് നദ്‌വി,ഡോ.മുഹമ്മദ് സഈദ്,ആസിൽ കെ,അബ്ബാസ് വാഫി, ശഹീർ പി.പി,സകിയ്യ കെ.കെ എന്നിവർ സംസാരിച്ചു.
