പുൽപ്പള്ളി: വയനാട്ടിൽ ഒരിടവേളക്ക് ശേഷം വന്യമൃഗ ആക്രമണം തുടർക്കഥയാവുന്ന സാഹചര്യത്തിൽ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് നിയുക്ത ജില്ലാപഞ്ചായത്ത് അംഗം അമൽ ജോയ് ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന കാലങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഇരയാണ് ദേവർഗദ്ദയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇറങ്ങിയ കടുവ കൂമനെ പുഴക്കരയിൽ നിന്നും കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മനസിലാകുന്നത് വനംവന്യജീവി വകുപ്പ് നിഷ്ക്രിയമാണെന്നാണ്. ഇത്തരത്തിലുള്ള ഉദാസീന നിലപാടുകളാണ് വനം വന്യജീവി വകുപ്പ് സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങാൻ ജനം നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്. വകുപ്പ് ഉണർന്നു പ്രവർത്തിച്ച വന്യജീവി ആക്രമങ്ങൾക്ക് ശാശ്വതമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് കൂടിയായ അമൽ ജോയ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
