ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിനായി നടക്കുന്ന അശ്വമേധം ക്യാമ്പയിൻ, മഹാമാരി പ്രതിരോധ മുന്നൊരുക്കം, സാർവത്രിക പാലിയേറ്റിവ് പരിചരണ പദ്ധതി, ജില്ലാ കാൻസർ കെയർ കമ്മറ്റി , ഹെൽത്തി ലൈഫ് ക്യാംപയിൻ എന്നിവയുടെ ഏകോപന സമിതി യോഗങ്ങളാണ് നടന്നത്. പൊതുജനങ്ങളിൽ ആരോഗ്യബോധം വർധിപ്പിക്കുകയും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിച്ച് മഹാമാരി സാധ്യതകൾ തടയുകയുമാണ് ലക്ഷ്യം.
സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന അശ്വമേധം ക്യംപയിനിൻ്റെ ഭാഗമായി 2026 ജനുവരി ഏഴ് മുതൽ 20 വരെ കുഷ്ഠ രോഗ സാധ്യതകൾ കണ്ടെത്താനായി എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തും.പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന ടീമുകൾ വീടുതോറും സന്ദർശിച്ച് ചർമ്മ പരിശോധന നടത്തി സംശയിക്കപ്പെടുന്ന കേസുകൾ കണ്ടെത്തും. നിലവിൽ ജില്ലയിൽ 16 കുഷ്ഠ രോഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഒരു കുട്ടിയും ആറ് പട്ടിക വർഗ്ഗ വിഭാഗവും ഉൾപ്പെടുന്നു.
പദ്ധതിയിൽ പട്ടിക വർഗ മേഖലകൾക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾക്കും പ്രത്യേക മുൻഗണന നൽകും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും നടപ്പിലാക്കുന്ന ഈ കാമ്പയിൻ കുഷ്ഠരോഗ കേസുകൾ നേരത്തേ കണ്ടെത്തി വൈകല്യങ്ങൾ കുറയ്ച്ച് ജില്ലയിൽ കുഷ്ഠരോഗം നിർമ്മാർജ്ജനം ലക്ഷ്യമിടുന്നു.
കാൻസർ രോഗം കുറയ്ക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രീകൃത സ്‌ക്രീനിംഗ് ശക്തിപ്പെടുത്തുക, റഫറൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പാലിയേറ്റീവ് കെയർ വികസിപ്പിക്കുക, സമൂഹാടിസ്ഥാനത്തിലുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവ നടപ്പാക്കും.
ദേശീയ പുകയില നിയന്ത്രണ പരിപാടിക്ക് കീഴിലുള്ള പുകയില, ലഹരി നിയന്ത്രണ പ്രവർത്തനങ്ങളും പട്ടിക വർഗ മേഖലകളിൽ ഔട്ട്‌റീച്ച് ക്യാമ്പുകളും സംഘടിപ്പിക്കും.ജില്ലയുടെ സമ്പൂർണ്ണ സാമൂഹ്യാധിഷ്‌ഠിത പുകയില ലഹരി മുക്ത പരിപാടിയായ തുടി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും
കിടപ്പുരോഗികളായ എല്ലാവർക്കും സമയബന്ധിതവും ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി, കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
പ്രൈമറി, സെക്കൻഡറി, ടെറിഷറി തലങ്ങളിലായി സർക്കാർ മേഖലയും സന്നദ്ധ സംഘങ്ങളും സംയുക്തമായി പരിചരണം ആവശ്യമായ രോഗികൾക്ക് ശാസ്ത്രീയവും ഏകോപിതവുമായ പരിചരണം ഉറപ്പാക്കാൻ
പാലിയേറ്റീവ് സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.
മഹാമാരി മുന്നൊരുക്കത്തിൻ്റെ ഭാഗമായി
മനുഷ്യാരോഗ്യം, മൃഗാരോഗ്യം, പരിസ്ഥിതി, സമൂഹ പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തുക. അപകടസാധ്യത വിലയിരുത്തൽ, ശക്തമായ നിരീക്ഷണ സംവിധാനം, മുന്നറിയിപ്പും വേഗത്തിലുള്ള പ്രതികരണവും, ആരോഗ്യ സംവിധാനങ്ങളുടെ സേവനം, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ഫലപ്രദമായ ആശയവിനിമയം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ജനങ്ങളെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹെൽത്തിലൈഫ് ക്യാംപയിന് ജനുവരി 1 ന് തുടങ്ങും. ക്യാമ്പയിനിൻ്റെ പ്രിലോഞ്ചിങ് പ്രചാരണ പ്രവർത്തനങ്ങൾ ഡിസംബർ 27 ന് ജില്ലയിൽ ആരംഭിക്കും
കളക്ടറേറ്റ് ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ
അസിസ്റ്റന്റ് കളക്ടർ പി. പി അർച്ചന അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ആര്യ വിജയകുമാർ ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ. ആർ ദീപ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ. എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ടെക്നിക്കൽ അസിസ്റ്റൻ്റ് സുന്ദരൻ വി എന്നിവർ സംസാരിച്ചു.
