മാനന്തവാടി: വയനാടിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന കൊയിലേരി ഉദയ വായനശാലയുടെ 20-ാമത് ഉദയ ഫുട്‌ബോൾ ജനുവരി 16 മുതൽ ഫെബ്രുവരി 1 വരെ മാനന്തവാടി വളളിയൂർക്കാവ് ഗ്രൗണ്ടിൽവെച്ച് നടത്തപ്പെടും. ടിക്കറ്റോ, പാസോ ഇല്ലാതെ ഫുട്‌ബോൾ ആരാധകർക്ക് സൗജന്യപ്രവേശനം നൽകുന്ന ടൂർണ്ണമെന്റിൽ ഈ വർഷം കോഴിക്കോട്, മലപ്പുറം, കണ്ണൂർ,വയനാട് ജില്ലകളിൽ നിന്നുളള മികച്ച ക്ലബുകൾ അണിനിരക്കും.മലയാളി വ്യവസായിയും റിഷി ഗ്രൂപ്പ് ചെയർമാനുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണ്ണമെന്റിന്റെ മുഖ്യ സ്‌പോൺസർ.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെ നടത്തിവരുന്ന ഉദയ ഫുട്‌ബോളിൽകൂടി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവന്നത്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ കാണികൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. വിജയികൾക്ക് വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം മൈക്കിൾ എന്നിവരുടെ സ്മരണാർത്ഥം വിവിധ തലങ്ങളിലായി 1 ലക്ഷം രൂപ പ്രൈസ്മണിയും നൽകും. മുരളീദാസ് ആയിപ്പൊയിൽ ചെയർമാനായും, കമ്മന മോഹനൻ ജനറൽ കൺവീനറുമായി 51 അംഗ കമ്മിറ്റിയാണ് ടൂർണ്ണമെന്റ് ഒരുക്കുന്നത്. ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. ബാബു ഫിലപ്പ്, ഷാജി തോമസ്, കുഞ്ഞാപ്പ വിൻസ്‌പോട്ട്, മാവറ വർക്കി, പി.സി.ജോൺ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9048040076, 9447682472
