തിരുവനന്തപുരം: കൃഷിയിൽ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗവും വിള ഉൽപ്പാദനവർദ്ധനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം ജനുവരി 7ന് ആരംഭിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് 2026 ജനുവരി 7 (ചൊവ്വാഴ്ച) രാവിലെ 11.30ന് ഗവൺമെന്റ് സെക്രട്ടേറിയറ്റ്, അനക്സ്സ് – II, നവ കൈരളി ഹാളിൽ മാനേജ്‌മന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്.) പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
പുതുതായി നടപ്പിലാക്കുന്ന ഓൺലൈൻ അപേക്ഷാ സംവിധാനത്തിലൂടെ കർഷക രജിസ്ട്രേഷൻ, അപേക്ഷ സമർപ്പണം, പരിശോധന, സബ്സിഡി പ്രോസസിംഗ്, പദ്ധതികളുടെ പുരോഗതി നിരീക്ഷണം എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ തന്നെ സാധ്യമാകും. പൂർണ്ണമായും ഓൺലൈൻ മാനേജ്മെന്റ് സംവിധാനം നിലവിൽ വരുന്നത് കർഷകർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, ലഭ്യമായ ഫീൽഡ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള തുടർ തീരുമാനമെടുക്കലിനും കാര്യക്ഷമമായ പദ്ധതി നടപ്പാക്കലിന് വഴിയൊരുക്കുന്നതിനോടൊപ്പം അപേക്ഷകളിൽ തീരുമാനം കൈക്കൊള്ളുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിനും ഉപകരിക്കും.
