ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി ജി.ആർ അനിൽ

ബത്തേരി:ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ബത്തേരിയിൽ നിർമിച്ച ലീഗൽ മെട്രോളജി ഭവന്റെയും ലാബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അളവ് തൂക്കങ്ങളിൽ കൃത്രിമം കാണിക്കുന്നത് തടയാൻ ശക്തമായ നടപടി ലീഗൽ മെട്രോളജി വകുപ്പ് സ്വീകരിക്കുന്നുണ്ട്. 2024 ൽ 56.97 കോടി രൂപയും 2025 ൽ 40 കോടിയും നിയമ ലംഘനത്തിന് പിഴ ഈടാക്കി. വലിയ മാളുകളിൽ വരെ പല വിധത്തിലുള്ള നിയമ ലംഘനം നടക്കുന്നുണ്ട്. ഇത് തടയാൻ ജാഗ്രത എന്ന പേരിലും പെട്രോൾ- ഡീസൽ പമ്പുകളിലെ കൃത്രിമം തടയുന്നതിന് ക്ഷമത എന്ന പേരിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷം വലിയ തോതിലുള്ള വികസനമുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമഗ്ര വികസനമുണ്ടായിട്ടുണ്ട്. ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എൽസ്റ്റൺ എസ്റ്റേറ്റിൽ മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സ്വന്തമായി കെട്ടിടമില്ലാത്ത സർക്കാർ ഓഫിസുകൾക്ക് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് ബത്തേരിയിൽ ലീഗൽ മെട്രോളജി ഭവൻ നിർമിച്ചെതെന്നും മന്ത്രി പറഞ്ഞു.

ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി കൃഷ്ണകുമാർ, നൂൽപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയ എം.കെ, ബേബി മോസസ് എന്നിവർ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി എം.പിയുടെ ആശംസ സന്ദേശം വായിച്ചു

Leave a Reply

Your email address will not be published. Required fields are marked *