കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഒന്നാം ഘട്ടം നിര്‍വഹണത്തിന് സ്ഥലമെടുപ്പ് നടത്തി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ 3.25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഈ സ്ഥലത്തിന്റെ രജിസ്ട്രേഷന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ നടത്തിയതായി ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന പദ്ധതിക്കു കുന്നമ്പറ്റയിലേതടക്കം മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ക്കുശേഷം വീടുകളുടെ ശിലാസ്ഥാപനം നടത്തും. സാങ്കേതികത്വത്തിന്റെ പേരില്‍ നിരവധി ദുരന്തബാധിത കുടുംബങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതിക്കു പുറത്തായി. ഇവരുടെ പുനരധിവാസം കോണ്‍ഗ്രസ് ഏറ്റെടുക്കും.
കോണ്‍ഗ്രസിന്റെ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. പദ്ധതിയെ വിമര്‍ശിക്കുന്ന സിപിഎം നേതാക്കള്‍ സര്‍ക്കാരിന്റെ പക്കലുള്ള കോടിക്കണക്കിന് രൂപ കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നിയമപരമായി ഭൂമി ലഭിക്കുന്നതിലെ കാലതാമസമാണ് കോണ്‍ഗ്രസ് ഭവന പദ്ധതി വൈകിയതിനു കാരണം. തോട്ടം ഭൂമിയില്‍ ടൗണ്‍ഷിപ്പ് സജ്ജമാക്കുന്ന സര്‍ക്കാര്‍ സന്നദ്ധസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഭവന പദ്ധതി നടപ്പിലാക്കുമ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നില്ല. ഇതിനുപിന്നില്‍ സിപിഎമ്മിന്റെ സ്വാര്‍ഥ താത്പര്യമാണ്. മറ്റാരും ദുരിതാശ്വസം നടത്തരുതെന്ന ദുഷ്ടലാക്കാണ് സിപിഎമ്മിന്. ജനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭ്യമാക്കിയ പണം ദുരന്തബാധിതര്‍ക്കായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പുനരധിവാസ പദ്ധതിയെ
പാര്‍ട്ടി കാമ്പയിനിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു
കോണ്‍ഗ്രസ് ഭവന പദ്ധതി: 3.25 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന് നടത്തി
