പനമരം: ജനപ്രതിനിധികളും കലാലയങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ബന്ധം ഉറപ്പാക്കുന്നതിനും പ്രാദേശിക വികസനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് ‘നവദിശ’ സംഗമം സംഘടിപ്പിച്ചതെന്ന് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. ഡബ്ല്യു.എം.ഒ. ഐ.ജി. ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘നവദിശ’ സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് കോളേജിന്റെ സാമൂഹ്യപ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ അസീസ്, മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ ഡോ. കെ.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. കോളേജ് അധ്യാപകർ, വിദ്യാർഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
