കൽപ്പറ്റ: ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കാൻ കഴിവുള്ള അപൂർവ്വയിനം ‘ഫിഷിങ് സ്പൈഡറിനെ’ വയനാട്ടിൽ കണ്ടെത്തി. ‘വയനാട് വൈൽഡ്’ ഇക്കോ റിസോർട്ട് പരിസരത്തുനിന്നാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. ജിതു ഉണ്ണികൃഷ്‌ണൻ, സി.കെ. അർജുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ ചിലന്തിയെ കണ്ടെത്തിയത്.
‘ഡോളോമിഡസ് ഇൻഡിക്കസ്’ (Dolomedes indicus) എന്ന് പേരിട്ടിരിക്കുന്ന ഇവയ്ക്ക് ഇരയെ പിടിക്കാൻ വലയുടെ ആവശ്യമില്ല. വെള്ളത്തിന് മുകളിൽ പ്രത്യേക രോമങ്ങൾ ഉപയോഗിച്ച് പൊങ്ങിക്കിടന്ന്, കൂർത്ത പല്ലുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ മീനുകളെ പിടികൂടുന്നതാണ് ഇവയുടെ രീതി. 10 മുതൽ 12 സെന്റീമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. സ്ലൊവീനിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയുമായി സഹകരിച്ചാണ് പുതിയ വർഗ്ഗത്തെ തിരിച്ചറിഞ്ഞത്.
