കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെരുമാറ്റ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

 

ഭിന്നശേഷിക്കാർക്കായി ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. യാത്രാ പാസ് ഇല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമപരമായ മുൻഗണന നിഷേധിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

 

പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും അന്തസും അവകാശവും സംരക്ഷിക്കേണ്ടത് കെ.എസ്.ആർ.റ്റി.സിയുടെ നിയമപരമായ ബാധ്യതയാണെന്നും ഉത്തരവിൽ പറഞ്ഞു.

 

സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ ഭിന്നശേഷിക്കാരിക്ക് ഇരിപ്പിടം നിഷേധിച്ചെന്ന കേണിച്ചിറ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയെ കണ്ടിട്ട് ഭിന്നശേഷിക്കാരിയാണെന്ന് തോന്നിയില്ലെന്നും യാത്രാപാസ് കാണിക്കാത്തതുകാരണമാണ് സീറ്റ് നിഷേധിച്ചതെന്നും ബത്തേരി ആർ.റ്റി.ഒ. കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 16 നാണ് ബത്തേരി ഡിപ്പോയിലെ ആർ എൻ ഇ 419 നമ്പർ ബസിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

 

പരാതിക്കാരിക്ക് സീറ്റ് നിഷേധിക്കുക മാത്രമല്ല അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കണ്ടക്ടർ പെരുമാറിയതായും കമ്മീഷൻ കണ്ടെത്തി. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പകരം പരാതിക്കാരിയെ തെറ്റുകാരിയാക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി. സ്വീകരിച്ചതെന്നും ഉത്തരവിൽ പറഞ്ഞു. ഭിന്നശേഷി പുറത്തു പ്രകടമല്ലെന്ന കണ്ടക്ടറുടെ വാദം ഉത്തരവാദിത്വമില്ലായ്മയും അംഗീകരിക്കാൻ കഴിയാത്തതുമാണ്. യാത്രക്കാരുടെ പരാതികൾ സുതാര്യമായി പരിശോധിക്കുന്നതിന് പകരം സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്ന ഏകപക്ഷീയ നിലപാടാണ് എ.റ്റി.ഒ. സ്വീകരിച്ചതെന്നും കമ്മീഷൻ വിമർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *