പർപ്പിൾ ഫെയർ ആരംഭിച്ചു.

കൽപറ്റ:കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള കോംപോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി.), കോഴിക്കോട്, ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഫറോക്ക്, സഹാറ ഭരത് ഫൗണ്ടേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെ പർപ്പിൾ ഫെയർ ആരംഭിച്ചു. പിണങ്ങോട് സഹാറ ഭരത് ക്യാമ്പസിൽ വച്ചാണ് പരിപാടി നടക്കുന്നത്.

സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന പർപ്പിൾ ഫെയറുകൾ ഭിന്നശേഷി വ്യക്തികളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ്. കേരളത്തിൽ ആദ്യമായി സി.ആർ.സി.യുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

ഭിന്നശേഷിക്കാരുടെ കലാ-സാംസ്കാരിക പരിപാടികൾ, അവരുടെ സൃഷ്ടിപരത അവതരിപ്പിച്ച പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ, ഭിന്നശേഷി എക്സ്പീരിയൻസ് സോൺ, സഹായ ഉപകരണങ്ങളുടെ വിതരണം, സെമിനാറുകൾ, ബോധവൽക്കരണ പരിപാടികൾ, ഭിന്നശേഷി ഫോട്ടോ ഹിസ്റ്ററി സ്റ്റാളുകൾ എന്നിവ പരിപാടിയുടെ ഭാഗമാണ്.

സി.ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജിലി അധ്യക്ഷത വഹിച്ചു. കൽപറ്റ എം.എൽ.എ. ടി. സിദ്ധിക്ക് ഉദ്ഘാടനം നിർവഹിച്ചു. കമ്പോസിറ്റ് റീജിയണൽ സെന്ററിന്റെ കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു. ഭിന്നശേഷി മേഖലയിൽ ടെക്നോളജിയുടെ വളർച്ചയാണ് ഇനിയുള്ള നാളുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വികസനത്തിന് ഉപകാരമായി തീരാൻ പോവുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അനീഷ് ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്തു.

സി.ആർ.സി. കോഴിക്കോട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുനിഷ് ടി.വി. സ്വാഗതം പറഞ്ഞു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസർ പാലക്കൽ , ഡോ. അബ്ദുൾ ഹക്കിം, ജിഫ്സൻ രാജ്, അബ്ദുൾ വാഹിദ് എന്നിവർ പ്രസംഗിച്ചു. സഹാറ ഭരത് ഫൗണ്ടേഷൻ മാനേജർ ആദം സദ നന്ദി

പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *