വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ പദ്ധതിരേഖ പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ ചടങ്ങിൽ സാന്നിധ്യമാകും.
‘ഒന്നായ് ഒരുമിച്ച് മുന്നോട്ട്’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന സെമിനാറിൽ, വിവിധ വാർഡുതല ഗ്രാമസഭകളിൽ നിന്നും ഉയർന്നുവന്ന വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും വരും വർഷത്തേക്കുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സെമിനാറിൽ പങ്കെടുക്കും. നാടിന്റെ വികസന കുതിപ്പിന് കരുത്തുപകരുന്ന ഈ സെമിനാറിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.
