മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൽ സർക്കാർ മാർഗരേഖകൾ കാറ്റിൽ പറത്തിയും അട്ടിമറി നടത്തുന്നതായും ആരോപണം. ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പുകളും നിയമപരമായി പുനഃസംഘടിപ്പിക്കാതെ നടത്തുന്ന നീക്കങ്ങൾക്കെതിരെ യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനെതിരെ ജില്ലാ ആസൂത്രണ സമിതിക്ക് പരാതി നൽകുമെന്ന് യുഡിഎഫ് അറിയിച്ചു.
പരാതിക്ക് ആധാരമായ പ്രധാന കാര്യങ്ങൾ:
*മാർഗരേഖ ലംഘനം* : പദ്ധതി രൂപീകരണത്തിന് മുൻപായി ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പും പുനഃസംഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് പഞ്ചായത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ യുഡിഎഫ് മെമ്പർമാർ നേരത്തെ തന്നെ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
*പാർട്ടി യോഗമാക്കി മാറ്റി:* പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലും കരട് പദ്ധതി രൂപീകരണ യോഗത്തിലും സിപിഎം പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. ജനകീയ ആസൂത്രണത്തിന്റെ ഭാഗമാകേണ്ട യോഗത്തെ കേവലം പാർട്ടി യോഗമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.
*മിനിട്സിൽ തിരിമറി:* സമിതികൾ പുനഃസംഘടിപ്പിക്കാതെ വിളിച്ചുചേർത്ത യോഗങ്ങളിലും കരട് പദ്ധതി അംഗീകരിക്കുന്നതിലും യുഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഭരണസമിതിയുടെ അനുമതിയില്ലാതെ പഴയ യോഗ മിനിട്സിൽ പുതിയ പേരുകൾ എഴുതിച്ചേർത്ത് സമിതികൾ പുനഃസംഘടിപ്പിച്ചതായി രേഖയുണ്ടാക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
*നാണക്കേട്:*
പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാരെ കണ്ടെത്തുന്നത് CPM ൽ സമവായതിൽ എത്താൻ കഴിയാത്തതുകൊണ്ടും തർക്കം നിലനിൽക്കുന്നതുകൊണ്ടും ജില്ലാ പഞ്ചായത്ത് മെമ്പർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി അവതരിപ്പിക്കുന്ന നാണക്കേടിലും വർക്കിംഗ് ഗ്രൂപ്പ് സാക്ഷിയായി.
*അധികാര ദുർവിനിയോഗം:* സമിതികൾ പുനഃസംഘടിപ്പിക്കുന്നതിൽ ഭരണകക്ഷിക്കുള്ളിലെ അഭിപ്രായ ഭിന്നത മറച്ചുവെക്കാൻ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത തകർത്ത് പഞ്ചായത്ത് ഭരണം പാർട്ടി കേന്ദ്രീകൃതമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ജില്ലാ ആസൂത്രണ സമിതി ചെയർമാനും കൺവീനർക്കും പരാതി നൽകുമെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും യുഡിഎഫ് അംഗങ്ങളായ
വി എം വിശ്വനാഥൻ, മിനി സാജു, കെ പി നുസ്രത്ത് ശാന്തി സുനിൽ ഷമീർ കെ, ഫൈസൽ പി കെ ശ്യാമള സുന്ദരൻ, അനില രാജു, സാലി പൗലോസ്. എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു..
