വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ വിതരണത്തിന്‌ 3 കോടി രൂപ അനുവദിച്ചു

പൂക്കോട്‌: വെറ്ററിനറി സർവകലാശാലയിൽ എട്ട്‌ മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ എന്നിവ ഉടൻ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന്‌ ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ്‌ വർധിപ്പിക്കാനുള്ള ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ എതിരെയും പ്രതിഷേധം ഉയർന്നു.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലയുടെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിൽ സംഘപരിവാർ അനുകൂലികളെ തിരുകികയറ്റിയ ശേഷം വിദ്യാർഥികളുടെ അർഹമായ അവകാശങ്ങൾ ബോധപൂർവം നിഷേധിക്കുകയാണെന്ന്‌ സഞ്ജീവ്‌ പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കി സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്നതിന്‌ പുറമെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിന്റെ വിദ്യാർഥിവിരുദ്ധ നിലപാടിലൂടെ വിദ്യാർഥികളെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ്‌ അരങ്ങേറുന്നതും അദ്ദേഹം പറഞ്ഞു. സർവകലാശാലയ്‌ക്ക്‌ കീഴിലെ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. വെറ്ററിനറി സർവകലാശാല എസ്‌എഫ്‌ഐ സബ്‌ കമ്മിറ്റി ജോയിന്റ്‌ കൺവീനർ കെ യു ഹരികൃഷ്ണൻ അധ്യക്ഷനായി. വയനാട്‌ ജില്ലാ പ്രസിഡന്റ്‌ എം എസ്‌ ആദർശ്‌, സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സബ്‌ കമ്മിറ്റി കൺവീനർ സി വിവേക് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *