മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും.
ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു.
മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.
ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ഏല്‍സ്റ്റണില്‍ 410 വീട്, അനുബന്ധ സൗകര്യങ്ങള്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പില്‍ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. *വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും. സോളാര്‍, മെമ്മോറിയല്‍, എം. സി.എഫ് എന്നിവയുണ്ടാകും.
അതിജീവിതര്‍ക്ക് സുരക്ഷിത ഇടം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കല്‍. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് ഏല്‍സ്റ്റണിലെ പുനരധിവാസ ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. മന്ത്രിമാരായ ഒ.ആര്‍ കേളു, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ്‌കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എ ടി. സിദ്ദിഖ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യു- ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ടൗണ്‍ഷിപ്പ് ഉദ്ഘാടനം: സംഘാടക സമിതി യോഗം നാളെ
മുണ്ടക്കൈ – ചുരല്‍മല ദുരന്തബാധിതര്‍ക്കായി തയ്യാറാവുന്ന പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ (ഫെബ്രുവരി 20) രാവിലെ 10 ന് സംഘാടക സമിതി രൂപീകരണ യോഗം ചേരും. സംഘാടക സമിതി യോഗത്തില്‍ എം.എ.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, എം.പി പ്രിയങ്കാ ഗാന്ധി വാദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസര്‍ ജെ.ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.വിശ്വനാഥന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
*മാതൃകാ ടൗണ്‍ഷിപ്പ്: ഒന്നാംഘട്ട ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് നാളെ*
ഏല്‍സ്റ്റണിലെ മാതൃകാ പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റത്തിനായി ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് നറുക്കെടുക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ (ഫെബ്രുവരി 20) രാവിലെ 11 ന് നടക്കുന്ന നറുക്കെടുപ്പില്‍ 178 ഗുണഭോക്താക്കള്‍ പങ്കെടുക്കും. നറുക്കെടുപ്പിനെത്തുന്ന ഗുണഭോക്താക്കള്‍ ദുരന്തബാധിത സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നവര്‍ക്ക് ഏഴ് സെന്റ് സ്ഥലത്തിെന്റ പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന്‍ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി- കുടിവെള്ള കണക്ഷന്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. നിലവില്‍ ജില്ലാ കളക്ടറുടെ പേരില്‍ അനുവദിക്കുന്ന കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷന്‍ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കാന്‍ അക്ഷയ കേന്ദ്രത്തിന്റെ ഒന്‍പത് കൗണ്ടറുകള്‍ സജ്ജീകിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. നറുക്കെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന് യോഗത്തില്‍ എ.ഡി.എം കെ.എസ് അനില്‍കുമാര്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബാബു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നസിയ, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, ജില്ലാതല ഉദ്യോഗസ്ഥര്‍, കിഫ്‌കോണ്‍- യു.എല്‍.സി.സി പ്രതിനിദികള്‍ എന്നിവര്‍ പങ്കെടുത്തു.
