Headlines

അവശരായ രോഗികള്‍ക്ക് തുണയായി സാന്ത്വനമിത്രങ്ങള്‍

അവശരായ രോഗികള്‍ക്ക് തുണയാവാന്‍ കുടുംബശ്രീയുടെ സാന്ത്വന മിത്രങ്ങളെത്തും. കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച സാന്ത്വനമിത്രങ്ങളാണ് വീടുകളിലെത്തുക. തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലെ കിടപ്പുരോഗികള്‍ക്കും നിസഹായാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന സാന്ത്വനമിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മികച്ച കെയര്‍ ഗിവര്‍മാരെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ആതുര സേവന രംഗത്ത് താത്പര്യവും സേവന മനോഭാവമുള്ളവരെ കണ്ടെത്തി ശാസ്ത്രീയമായ നൈപുണി പരിശീലനം നല്‍കിയാണ് സേവനത്തിന് സജ്ജരാക്കുന്നത്. ഒരു സഹായി എന്നതിലുപരി, രോഗീപരിചരണത്തില്‍ അടിസ്ഥാന അറിവുള്ളവരാകും കെയര്‍ ഗിവര്‍മാര്‍. കിടപ്പുരോഗികള്‍ക്ക് പുറമെ ആശുപത്രിയില്‍ കൂട്ടിരിപ്പിന് ആളില്ലാത്തവര്‍, പ്രസവാനന്തര ശുശ്രൂഷ ആവശ്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ആവശ്യക്കാര്‍ക്ക് താത്ക്കാലികമായോ പൂര്‍ണ്ണമായോ സാന്ത്വനമിത്രങ്ങളുടെ സേവനം ലഭിക്കും.

 

സേവനങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കും. സാന്ത്വനമിത്രങ്ങള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ നിര്‍വഹിച്ചു. മാര്‍ച്ച് മാസത്തോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പരിശീലനം ലഭിച്ച അഞ്ഞൂറോളം കെയര്‍ ഗിവര്‍മാരെ സജ്ജരാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പീച്ചങ്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ജലജ അധ്യക്ഷയായി. ജില്ല പ്രോഗ്രാം മാനേജര്‍ പി. ഹുദൈഫ്, പാലിയേറ്റിവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്മിത, പീച്ചങ്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പി.ആര്‍.ഒ പ്രശാന്ത്, ഹെഡ് നഴ്‌സ് പ്രീത, നഴ്‌സ് ജൂലി, സ്മിത, എം.ഇ.സി സ്വപ്ന, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ റ്റി.ജെ അതുല്യ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *