കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്; സര്‍ക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയനാട് മരവയല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടുമാണ് പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ കുടുംബശ്രീ രൂപീകരിച്ചിട്ടുള്ളതെന്നും അവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ സമഗ്ര പുരോഗതിക്കായി എസ്.സി-എസ്.ടി വകുപ്പ്, യുവജനക്ഷേമബോര്‍ഡ്, കുടുംബശ്രീ എന്നിവയിലൂടെ നൂതനമായ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നുണ്ട്. സോക്കര്‍ ലീഗ് വനിതാ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കുന്ന അട്ടപ്പാടി, വയനാട് ടീമുകളെ മന്ത്രി പരിചയപ്പെട്ടു. കൂടാതെ പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കുടുംബശീ തയ്യാറാക്കിയ ജനഗല്‍സ’ പുസ്തക പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ പുതിയ ഉല്‍പന്നമായ ബ്രാന്‍ഡു ചെയ്ത കോഴിമുട്ട ‘കെഗ്’ ലോഞ്ചിങ്ങ് എന്നിവയും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.

 

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ്കുമാര്‍ പി.എസ് അധ്യക്ഷത വഹിച്ചു. പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, കാസര്‍കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീക്ക്, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സലീന കെ.എം, അമീന്‍ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഡാനിയേല്‍ എം. ലിബിനി, പ്രീത ജി.നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *