ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നു: മന്ത്രി ഒ. ആർ കേളു

കൃഷിക്ക് അനുയോജ്യമായ രീതിയിൽ ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കബനി നദിയിലൂടെ കേരളത്തിനവകാശപ്പെട്ട ധാരാളം വെള്ളം ഒഴുകിപ്പോകുമ്പോഴും നദീതീരത്തെ മുട്ടങ്കര-കാടൻകൊല്ലി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ജലക്ഷാമം നേരിടുന്ന പ്രശ്നത്തിന് പരിഹാരമായാണ് ജലവിഭവ വകുപ്പ് വിഭാവനം ചെയ്‌ത പദ്ധതിയാണ് മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ. 2.63 കോടി ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.

60 ഹെക്ടറോളം പ്രദേശത്തെ കൃഷിയിടങ്ങൾക്ക് ജലസേചന സൗകര്യം ലഭ്യമാക്കുകയും നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുകയും പദ്ധതിയാണ് മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. കൃഷിക്കും കുടിവെള്ള ആവശ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി ഉപയോഗപ്പെടുത്തണമെന്നും കൃഷിയെ സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

മുമ്പ് കാലാവസ്ഥയെ അടിസ്ഥാനമാക്കി കൃഷി ചെയ്തിരുന്നെങ്കിലും നിലവിൽ കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ മെച്ചപ്പെട്ട ജലസേചന സംവിധാനങ്ങൾ നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിൽ ഇതിനോടകം നിരവധി ജലസേചന പദ്ധതികൾ നടപ്പാക്കിയതായും മന്ത്രി അറിയിച്ചു.

കാവേരി നദീജല തർക്കത്തിൽ കേരളത്തിന് അനുകൂലമായി വന്ന വിധിയുടെ പശ്ചാത്തലത്തിൽ മുട്ടങ്കര ഇറിഗേഷൻ പദ്ധതിക്ക് പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി കൃഷിയെ വീണ്ടും ശക്തിപ്പെടുത്തണം.

കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആവശ്യമായ സംവിധാനങ്ങളും സർക്കാർ നടപ്പാക്കി വരുന്നതായും കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിബു ജോർജ്, കൗൺസിലർ ലിസ്സി ജോസ്,

സുൽത്താൻ ബത്തേരി മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ. എസ് സുരേഷ് കുമാർ,

അസിസ്റ്റന്റ് എൻജിനീയർ സി. സുരേഷ്, പാടശേഖര സമിതി പ്രതിനിധികളായ കെ. കെ അഭിലാഷ്, ജോൺ മങ്ങാട്ടുകട്ടയിൽ, മാനന്തവാടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. സരിൻ, കൺവീനർ സുനീഷ് ഗോപി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് സി തോമസ്, ബാബു പാറപ്പുറം, കെ. എ ബിജു, പദ്ധതി കോൺട്രാക്ടർ സലാം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *