തരുവണ-കുറ്റിയാടി റോഡിൽ കാത്തിരിക്കുന്നത് അഗാധ ഗർത്തം; വൻ അപകടഭീഷണി

തരുവണ: കോടികൾ ചിലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റിയാടി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മരണക്കെണി. തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതുവശത്തായി രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗർത്തമാണ് നിത്യേനയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.

 

രണ്ടാൾ ഉയരത്തോളം താഴ്ചയുള്ള ഈ ഗർത്തം റോഡിന്റെ വശങ്ങളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കിടക്കുന്നത്. മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിലും ഇപ്പോൾ പൂർത്തിയായ പ്രവൃത്തിയിലും ഈ ഭാഗം മാത്രം അധികൃതർ അവഗണിച്ചുവെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. റോഡിലെ ടാറിംഗിൽ നിന്നും വാഹനം നേരിയ രീതിയിൽ ഒന്ന് തെന്നിയാൽ പോലും വലിയൊരു അപകടത്തിലേക്കാകും ചെന്നുചാടുക.

 

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ തിരക്കേറിയ പാതയിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിലുള്ള താൽക്കാലിക തടസ്സങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ഈ വഴി കടന്നുപോകുന്ന അപരിചിതരായ ഡ്രൈവർമാർക്ക് ഈ ഗർത്തം തിരിച്ചറിയാൻ പ്രയാസമാണ്.

 

അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വൻ ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂ എന്നാണോ എന്ന് പ്രദേശവാസികൾ ചോദിക്കുന്നു. അടിയന്തരമായി ഈ ഗർത്തം നികത്തി സുരക്ഷാ മതിൽ നിർമ്മിക്കണമെന്നും അതല്ലെങ്കിൽ താൽക്കാലിക സുരക്ഷാ വേലികളെങ്കിലും ഉടൻ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *