നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. മധ്യസ്ഥ ചര്‍ച്ച തിങ്കളാഴ്ച തുടരുന്നുണ്ടെന്ന് കാണിച്ച് മധ്യസ്ഥനായ അഭിഭാഷകന്‍റെ റിപ്പോര്‍ട്ട് കോടതി അനുവദിച്ചു. തുടര്‍ന്ന് വിഷയം 30ന് പരിഗണിക്കാനായി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് മാറ്റി.

ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്‍ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.

മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനാല്‍ നഴ്‌സുമാര്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള മുന്‍ നിര്‍ദേശം പാലിക്കണമെന്നും കോടതി പറഞ്ഞു. ജോലിക്ക് ഹാജരാകുന്നവര്‍ക്കെതിരേ പ്രതികാര നടപടി ഉണ്ടാകരുതെന്ന നിര്‍ദേശം മാനേജ്‌മെന്‍റും പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *