കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പ് സന്ദർശിച്ച് ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥൻ. ബുധൻ രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്.
ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ദിവസേന ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തുന്നത്. ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. വീടുകളും അനുബന്ധ സൗകര്യങ്ങളും മികച്ചത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിർമ്മാണ രീതി. കമ്യൂണിറ്റി ലിവിങ് എന്ന ആശയത്തിലൂന്നി വീടുകൾക്ക് മുമ്പിലായി ഒരുക്കിയ ഗ്രീൻ സ്പെയ്സ് നടുമുറ്റം മനോഹരമാണ്. ടൗൺഷിപ്പിലെ 35 ക്ലസ്റ്ററുകളിലും ഗ്രീൻ സ്പെയ്സ് ഒരുക്കുന്നുണ്ട്. അത്യാധുനികവും പ്രകൃതി സൗഹാർദ്ദവമായ ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഭാഗമായാണ് ഗ്രീൻ സ്പെയ്സുകളും നിർമ്മിക്കുന്നത്.
സിമൻ്റ് ട്രീറ്റഡ് ബേസ് സാങ്കേതികവിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ് റോഡ് നിർമ്മാണം. ആദ്യഘട്ടം നിർമ്മാണം പൂർത്തിയാക്കിയ വീടുകളിലെല്ലാം സോളാർ സ്ഥാപിച്ചു. കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും മലിനജല സംസ്കരണത്തിനുള്ള സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻ്റും ഒരുക്കുന്നു. വീടുകൾക്ക് പുറമെ സ്കൂൾ, ആരോഗ്യ കേന്ദ്രം, കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യവും ഒരുങ്ങും. വീടുകളിലേക്കുള്ള ഫർണിച്ചർ അടക്കമുള്ള സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരെ ഒരുമിപ്പിക്കാൻ ഒരു ഗ്രാമം തന്നെ വീണ്ടെടുക്കുകയാണ് സംസ്ഥാന സർക്കാരെന്നും എം എസ് വിശ്വനാഥൻ പറഞ്ഞു. ടൗൺഷിപ്പിലെ സോണുകളെല്ലാം കണ്ട് നിർമ്മാണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പുരോഗതി വിലയിരുത്തിയാണ് സ്ഥാനാർഥി മടങ്ങിയത്.
