സ്ഥാനാര്‍ഥിയാകുമ്പോള്‍ മാത്രം നാട്ടിലിറങ്ങുന്നവരുടെ ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്‍

സ്ഥാനാര്‍ഥിയാകുമ്പോള്‍ മാത്രം നാട്ടിലിറങ്ങുന്നവരുടെ

ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്‍

 

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍

ഇടതുസര്‍ക്കാര്‍ മുടക്കിയ പദ്ധതികള്‍ നടപ്പിലാക്കും

 

മണ്ഡലത്തില്‍ നടപ്പിലാക്കിയത് 3462 കോടി രൂപയുടെ വികസനപ്രവൃത്തികള്‍

 

പുല്‍പ്പള്ളി: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ സര്‍വമേഖലകളിലും വികസനപദ്ധതികള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് വീണ്ടും ജനവിധി തേടുന്നതെന്നും, തനിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ പുല്‍പ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 3462 കോടി രൂപയുടെ വികസനപ്രവൃത്തികളാണ് ബത്തേരി മണ്ഡലത്തില്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ മനപ്പൂര്‍വം മുടക്കിയിട്ടിരിക്കുന്ന പദ്ധതികള്‍ തന്റെ പേരില്‍ പഴിചാരുന്നത് രാഷ്ട്രീയ മര്യാദയില്ലായ്മയാണ്. ഗവ. കോളജുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. നിയമസഭയില്‍ രണ്ട് സബ്മിഷനുകള്‍ ഉന്നയിച്ചു. എന്നാല്‍ കോളജ് അനുവദിക്കാന്‍ കഴിയാത്തത് സാമ്പത്തികപ്രതിസന്ധി മൂലമാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റി സമ്പൂര്‍ണമായി തകര്‍ന്നിട്ടും പത്തുകോടി രൂപ ബജറ്റില്‍ നീക്കിവെച്ച സര്‍ക്കാരാണ് പണമില്ലെന്ന കാരണത്താല്‍ കോളജിന് നേരെ മുഖംതിരിച്ചത്. വാടകകെട്ടിടത്തില്‍ കോളജ് ആരംഭിക്കാന്‍ വളരെ ചെറിയ തുക മതിയെന്നിരിക്കെ സര്‍ക്കാര്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ പദ്ധതി യഥാര്‍ഥത്തില്‍ അട്ടിമറിക്കുകയായിരുന്നു. ഗവ. കോളജുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മണ്ഡലത്തില്‍ ആദ്യം നടപ്പിലാക്കുന്ന പദ്ധതികളിലൊന്ന് ഗവ. കോളജായിരിക്കുമെന്ന് ഐസി പറഞ്ഞു. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് എം എല്‍ എ എന്ന നിലയില്‍ ജലസേചന വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വയനാട് കലക്ട്രേറ്റില്‍ ആക്ഷന്‍കമ്മിറ്റിയുടെ അടക്കം ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചു. സര്‍വെ നടത്തിയിട്ട് തീരുമാനമെടുക്കാമെന്നാണ് പറഞ്ഞു. ഇതുപ്രകാരം സര്‍വെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇതിന് ശേഷമുള്ള രണ്ടുബജറ്റിലും ഒരു രൂപ പോലും ഈ സര്‍ക്കാര്‍ പദ്ധതിക്കായി പ്രഖ്യാപിച്ചില്ല. ഡാം പോലുള്ള പദ്ധതിയുടെ കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ എം എല്‍ എക്ക് സാധിക്കില്ല. മറിച്ച് സര്‍ക്കാരാണ് ചെയ്യേണ്ടത്. എന്നാല്‍ പിന്നീട് ഒന്നുമുണ്ടായില്ലെന്നും ഐസി പറഞ്ഞു. പുല്‍പ്പള്ളിയില്‍ ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചുവെന്ന് മാത്രമല്ല, മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ മനപൂര്‍വമെന്നോണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പെരിക്കല്ലൂരിലെ കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിന്റെ കാര്യത്തില്‍ ആവശ്യമായതെല്ലാം ചെയ്തിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ക്നാനായ സഭയും, മുള്ളന്‍കൊല്ലി പഞ്ചായത്തും സെന്ററിനായി ഓരോ ഏക്കര്‍ സ്ഥലം വീതം നല്‍കുകയും ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് നല്‍കാന്‍ ശ്രമം നടത്തി. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എം എല്‍ എയെന്ന നിലയില്‍ ആസ്തി വികസനഫണ്ടില്‍ 50 ലക്ഷം രൂപ വകയിരുത്തി യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തു. ഇതിന് ശേഷം യു ഡി എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ഷെല്‍ട്ടറും, ശൗചാലയവും നിര്‍മ്മിച്ചു. കുടിവെള്ള സംവിധാനവും ഒരുക്കി. ഇതുമായി ബന്ധപ്പെട്ട് ആന്റണി രാജു ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ നിയമസഭയില്‍ ചോദ്യമുന്നയിച്ച ഘട്ടത്തില്‍ വയനാട്ടിലെത്തിയാല്‍ സ്ഥലം സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കി. ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സമയത്ത് വയനാട്ടില്‍ വരുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുമന്ത്രിമാരും വാക്കുപാലിച്ചില്ല. നിലവില്‍ ദീര്‍ഘദൂര സര്‍വീസുകളടക്കം ഗതാഗതവകുപ്പ് നിര്‍ത്തിയിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും മന്ത്രി പരിഗണിക്കുന്നതേയില്ലെന്നും ഐസി ചൂണ്ടിക്കാട്ടി. പെരിക്കല്ലൂര്‍-ബത്തേരി റോഡിന്റെ കാര്യത്തില്‍ പുല്‍പ്പള്ളി വരെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിദൂരം ലെവലൈസ് ചെയ്യണ്ട സാഹചര്യമുണ്ടായി. ആ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ ബാക്കി ഭാഗത്തെ നിര്‍മ്മാണം ആരംഭിക്കും. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് കര്‍ണാടക 2017-ല്‍ അപ്രോച്ച് റോഡ് ഉണ്ടാക്കിയതിന് പിന്നാലെ ശ്രമം ആരംഭിച്ചതാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയങ്കാഗാന്ധി എം പി സ്ഥലം സന്ദര്‍ശിച്ചത്. രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായതിനാല്‍ കേന്ദ്രഫണ്ട് അനിവാര്യമായ സാഹചര്യമാണുള്ളത്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി പെരിക്കല്ലൂര്‍ മുതല്‍ അതിരാറ്റുകുന്ന് വരെ വിവിധ രീതികളിലുള്ള ഫെന്‍സിംഗ് സംവിധാനം പൂര്‍ത്തിയായി കഴിഞ്ഞു. നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഒരു ആര്‍ ആര്‍ ടിയെ കൂടി ഇവിടെ അനുവദിച്ചു. ഇനിയും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഐസി വ്യക്തമാക്കി. ആദിവാസി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്നും തുടര്‍ന്നത് നിഷേധാത്മക നിലപാടുകളായിരുന്നു. പതിറ്റാണ്ടുകളായി ചീയമ്പം ഉള്‍പ്പെടെയുള്ള ഭൂമികളില്‍ സി പി എം പോഷകസംഘടനയായ എ കെ എസിന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടത്തിയ പ്രദേശമാണ്. രണ്ടുപതിറ്റാണ്ടുകാലമായി ഭരണത്തിലിരുന്നിട്ടും അവര്‍ക്ക് ഭൂമി നല്‍കുന്നതിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ അവരെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ്. പല വിഷയത്തിലും എം എല്‍ എ എന്ന നിലയില്‍ തുടര്‍ച്ചയായി തുടര്‍ച്ചയായി ഇടപെടിട്ടിട്ടും സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം നടപ്പിലാക്കാനാവാത്തതാണ്. മരിയനാട്ടെ ഭൂമി ഗോത്രവിഭാഗത്തിലുള്ളതാണ്. അതാണ് മറ്റുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കി അവിടെ നിന്നും മാറ്റിയത്. വിഷയത്തില്‍ മന്ത്രി ഒ ആര്‍ കേളു ഇടപെട്ടിരുന്നു. ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നും ഐസി ചൂണ്ടിക്കാട്ടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡയാലിസിസ് സെന്റര്‍ അടക്കം ആരംഭിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി. ഇനി വേണ്ടത് സര്‍ക്കാര്‍ അനുമതി മാത്രമാണ്. ടൂറിസവുമായി ബന്ധപ്പെട്ടും വികസനവിരുദ്ധ നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. കുടിയേറ്റമേഖലക്ക് ഉണര്‍വാകുമായിരുന്ന രാമയണ സര്‍ക്യൂട്ട് പദ്ധതിയും, ചേകാടിയില്‍ പ്രഖ്യാപിച്ച സ്ട്രീറ്റ് പദ്ധതിയും സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. നിലവിലെ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യവികസനങ്ങളടക്കം നടപ്പിലാക്കാന്‍ എം എല്‍ എ എന്ന നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹായം ലഭിച്ചില്ലെന്നും ഐ സി പറഞ്ഞു. കുടിയേറ്റമേഖലയില്‍ അംഗന്‍വാടികള്‍, ആശുപത്രികെട്ടിടങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍, നിരവധിയായ റോഡുകളുകള്‍, ഫെന്‍സിംഗുകള്‍ എന്നിങ്ങനെ നിരവധിയായ പദ്ധതികളാണ് എം എല്‍ എയെന്ന നിലയില്‍ നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മനപൂര്‍വം മുടക്കിയിട്ടിരിക്കുന്ന പദ്ധതികള്‍ യു ഡിഎഫ് അധികാരത്തില്‍ വന്നാല്‍ സമയബന്ധിതമായി ഒന്നൊന്നായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോഴും, കുടിയേറ്റമേഖലയില്‍ കൃഷിനാശമുണ്ടായപ്പോഴും, വരള്‍ച്ച രൂക്ഷമായപ്പോഴും, ജനങ്ങള്‍ക്ക് പല പ്രതിസന്ധികളുണ്ടായപ്പോഴും ഇപ്പോള്‍ ആരോപണമുന്നയിച്ച സ്ഥാനാര്‍ഥിയെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എവിടെയും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാത്രം ആരോപണമുന്നയിക്കുന്നത് തികച്ചും രാഷ്ട്രീയലക്ഷ്യം വെച്ച് മാത്രമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ആര്‍ രാജേഷ്‌കുമാര്‍, എന്‍ യു ഉലഹന്നാന്‍, മീനങ്ങാടിബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ടി എസ് ദിലീപ്കുമാര്‍, പി കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *