പെരിക്കലൂരില്‍ കടത്ത് തോണിയില്‍ സ്വീപ് ബോധവത്ക്കരണം

കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബത്തേരിയിലെ പെരിക്കല്ലൂര്‍ ഗ്രാമത്തില്‍ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) തെരഞ്ഞെടുപ്പ് അവബോധ സന്ദേശമെത്തിയത് കടത്ത് തോണിയില്‍. പുഴക്ക് അക്കരയ്ക്കും ഇക്കരയ്ക്കും തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കൈകളില്‍ പ്ലക്കാര്‍ഡുകളുമായി വോട്ടര്‍ ബോധവല്‍ക്കരണ പ്രക്രീയയില്‍ പങ്കാളികളായി. നാല് തോണികളിലായി സ്വീപ് അംഗങ്ങള്‍ യാത്രക്കാര്‍ക്കൊപ്പം തോണിയിലിരുന്ന് വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. യാത്രക്കാരായ ഗ്രാമവാസികള്‍, ഉന്നതി നിവാസികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ പങ്കെടുത്തു.

വോട്ടേഴ്‌സ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം 100 ശതമാനം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നെന്ന് സ്വീപ്പ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പറഞ്ഞു. വയനാടിന്റെ തെരഞ്ഞെടുപ്പ് മസ്‌കോട്ടായ വോട്ട് ചിലപ്പന്‍ ”എന്റെ വോട്ട് എന്റെ ശബ്ദം’ എന്ന് ടാഗ് ലൈന്‍ ഉയര്‍ത്തിയാണ് ജില്ലയിലുടെനീളം സ്വീപ് ക്യാമ്പയിന്‍ നടക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പ്രസില്‍ രാജ്, റവന്യു വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് എം.കെ സ്മിത, സഹകരണ വകുപ്പ് ക്ലര്‍ക്ക് ടോണി ഫിലിപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ക്ലര്‍ക്ക് കെ.ബി ശ്രുതി, ഇറിഗേഷന്‍ വകുപ്പ് ക്ലര്‍ക്ക് സി.കെ അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *