മോളിങ് വാക്ക്‌ ക്യാമ്പയിൻ ആരംഭിച്ചു.

കൽപ്പറ്റ: ഉരുൾ ദുരന്തബാധിതരെ ചൂണ്ടികാണിച്ച്‌ കോൺഗ്രസ്‌ ജനങ്ങളിൽനിന്നും പിരിച്ച പണമെവിടെയെന്ന ചോദ്യമുയർത്തി എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ‘മോളിങ് വാക്ക്‌ ക്യാമ്പയിൻ’ ആരംഭിച്ചു. രാവിലെ നടക്കാനിറങ്ങി ‘ചിരിക്കുന്ന കോൺഗ്രസ്‌ സ്ഥാനാർഥികളുടെ ചിത്രത്തിനുപിന്നിൽ വയനാട്ടിൽ ജീവൻപൊലിഞ്ഞ മനുഷ്യരുടെ വിലാപമുണ്ട്‌’ എന്ന പോസ്റ്ററുകൾ യുഡിഎഫ്‌ സ്ഥാനാർകളുടെ പ്രചാണ ബോർഡുകൾക്കരിൽ സ്ഥാപിച്ചാണ്‌ പ്രതിഷേധം. ദുരന്തബാധിതർക്കായി പിരിച്ചപണം തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്ക‍ൗണ്ടിലുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞകള്ളം ഇരുവരും തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രിക നൽകിയപ്പോൾ പുറത്തുവന്നിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ദുരന്തബാധിതരുടെ പണം ദുരുപയോഗം ചെയ്യുകയാണെന്ന്‌ എസ്‌എഫ്‌ഐ ആരോപിച്ചു. പിരിച്ചപണം എത്രയെന്നും ഏതു ബാങ്കിലാണെന്നും ചോദ്യമുയർത്തിയ പോസ്റ്ററുകളാണ്‌ പതിക്കുന്നത്‌. പണം പിരിച്ചപ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്ന കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്‌ മറുപടി പറയണമെന്ന്‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ ടി സിദ്ദിഖിന്റെ പ്രചാരണ ബോർഡുകൾക്കരിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചാണ്‌ തിങ്കളാഴ്‌ച്ച ക്യാമ്പയിന്‌ തുടക്കമിട്ടത്‌. ജില്ലാതല ഉദ്‌ഘാടനം എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്രരവീന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗരി അധ്യക്ഷയായി. സെക്രട്ടറി എം എസ്‌ ആദർശ്‌, അഥീന ഫ്രാൻസിസ്‌, മുഹമ്മദ്‌ ഷിബിലി, ഇ എ സായന്ത്‌ കൃഷ്‌ണ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *