കൽപ്പറ്റ: വയനാടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ചും ജനാധിപത്യ ബോധവും സമാധാന സന്ദേശവും ഉയർത്തിപ്പിടിച്ചും ആറാമത് ‘മിസ്റ്റി ലൈറ്റ്സ്’ (Misty Lights) വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു. കൽപ്പറ്റ ബൈപ്പാസിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘മീഡിയ വിംഗ്സ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. 2020 മുതൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഈ സംഗമത്തിന്റെ ആറാമത് എഡിഷനായിരുന്നു ഇത്തവണത്തേത്.
തിരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ‘ടീ ചാറ്റ് വിത്ത് കളക്ടർ’
വയനാടിന്റെ ഗോത്ര പൈതൃക ഗ്രാമമായ ‘എൻ ഊരിൽ’ നടന്ന ‘എന്റെ വോട്ട് എന്റെ അവകാശം’ പരിപാടി ഇൻഫ്ളുവൻസർമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന എന്നിവർ പങ്കെടുത്ത ‘ടീ ചാറ്റ് വിത്ത് കളക്ടർ’ എന്ന സംവാദ പരിപാടിയിൽ അരാഷ്ട്രീയവാദം, വോട്ട് ബഹിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന ജനാധിപത്യ ബോധമുള്ള സംസ്ഥാനമാണ് കേരളമെന്ന് കളക്ടർ പറഞ്ഞു. വോട്ടവകാശം കൃത്യമായി വിനിയോഗിക്കുമെന്ന് എല്ലാവരും ചേർന്ന് പ്രതിജ്ഞയെടുത്തു. ഡൽഹിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരും എൻ ഊരിലെ സാംസ്കാരിക പരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു.
ലോകസമാധാനത്തിനായി ചുരത്തിൽ വാക്കത്തോൺ
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി താമരശ്ശേരി ചുരത്തിലൂടെ നടത്തിയ വാക്കത്തോൺ ആവേശം പകർന്നു. ചുരം വ്യൂ പോയിന്റ് മുതൽ ചങ്ങലമരം വരെ നീണ്ട യാത്രയിൽ തൂവെള്ള പതാകകൾ വീശിക്കൊണ്ട് കൈക്കുഞ്ഞുങ്ങളുമായി പോലും വനിതകൾ പങ്കാളികളായി. സംഘാടകർ ഉൾപ്പെടെ 102 പേർ ഈ സമാധാന യാത്രയുടെ ഭാഗമായി.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടം
തുടർച്ചയായി ആറ് വർഷം സംഘടിപ്പിക്കപ്പെട്ട ഈ സംഗമവും ചുരം യാത്രയും ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ (Best of India Records) റെക്കോർഡിന് അർഹമായി. കൽപ്പറ്റ മലബാർ ഗ്രാൻഡ് ഫെസ്റ്റ് വേദിയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി. ആറ് വർഷത്തിനുള്ളിൽ നാനൂറോളം വനിതാ ഇൻഫ്ളുവൻസർമാരാണ് ഈ കൂട്ടായ്മയുടെ ഭാഗമായത്.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ പ്രചരണാർത്ഥം ‘ആനവണ്ടി’യിലായിരുന്നു ഇത്തവണത്തെ യാത്രകൾ. പുൽപ്പള്ളി, ബാണാസുര, വൈത്തിരി എന്നിവിടങ്ങളിലെ മനോഹര ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകർന്നു കൊണ്ടാണ് ഇൻഫ്ളുവൻസർമാരുടെ സംഘം ചുരമിറങ്ങിയത്.
