റേഷൻ വിതരണം നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം, മണ്ണെണ്ണ വിതരണത്തിലും മാറ്റം

തിരുവനന്തപുരം: പെസഹാ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ (ഏപ്രിൽ 4) മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ കൂടി മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വേനലവധി കാലത്തെ തിരക്ക് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സുഗമമായി റേഷൻ ലഭ്യമാക്കാനുമാണ് ഈ ക്രമീകരണം.

 

വിതരണ കാലാവധി ഇങ്ങനെ:

ഏപ്രിൽ മാസത്തെ വിഹിതം: ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെ വാങ്ങാം.

മെയ് മാസത്തെ മുൻകൂർ വിഹിതം: ഏപ്രിൽ 04 മുതൽ മെയ് 30 വരെ വാങ്ങാവുന്നതാണ്.

 

മണ്ണെണ്ണ വിതരണം (ഏപ്രിൽ – ജൂൺ പാദം):

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർഡുകളുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള വിഹിതം താഴെ പറയുന്ന പ്രകാരമാണ്:

 

എ.എ.വൈ (മഞ്ഞ കാർഡ്): ആകെ ഒരു ലിറ്റർ മണ്ണെണ്ണ.

പി.എച്ച്.എച്ച് (പിങ്ക്), എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള): ആകെ അര ലിറ്റർ മണ്ണെണ്ണ.

വൈദ്യുതി ഇല്ലാത്ത വീടുകൾ: കാർഡ് വിഭാഗം പരിഗണിക്കാതെ തന്നെ ഇത്തരം ഉപഭോക്താക്കൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും.

 

സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. അവധിക്ക് ശേഷം കടകൾ തുറക്കുന്നതിനാൽ ആദ്യ ദിനങ്ങളിൽ റേഷൻ കടകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *