തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് ആവേശം പകരാൻ കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ “വാക്ക് വിത്ത് റാന്തൽ” പരിപാടി സംഘടിപ്പിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ശ്രദ്ധേയമായി. റാന്തൽ തെളിച്ചുകൊണ്ട് നടത്തിയ കാൽനട പ്രചാരണത്തിൽ നിരവധി പേർ അണിനിരന്നു. വഴിയോരങ്ങളിൽ കാത്തുനിന്നവരും, കാൽനടയാത്രക്കാരും, വാഹനങ്ങളിൽ കടന്നുപോയവരുമെല്ലാം സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് അഭിവാദ്യം ചെയ്തു. തിരക്കുകൾക്കിടയിലും പലരും ഓടിയെത്തി കൈകൊടുത്ത് വിജയാശംസകൾ നേർന്നത് പ്രചാരണത്തിന് കൂടുതൽ ആവേശം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ച പരിപാടിക്ക് ശേഷം പി.കെ. അനിൽകുമാർ പ്രവർത്തകരെ അഭിസംബോധന ചെയ്തു. അവസാന നിമിഷം വരെ ജനങ്ങളുമായി ബന്ധം ശക്തമാക്കി മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ. വിനോദ്, ജില്ലാ കമ്മിറ്റി അംഗം കെ.എം. ഫ്രാൻസിസ്, നജീബ് ചന്തകുന്ന്, എം.ടി. മുജീബ്, കെ.ടി. ബാലകൃഷ്ണൻ, സാബു ചേമ്പ്ര, പി. കോമു, ബൈജു ചൂരൽമല, പി.വി. മാത്യു, യു.എ. അജ്മൽ സാജിദ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
