ജില്ലയിൽ 78.77 ശതമാനം പോളിങ് (7.30pm വരെ)

നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 78.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.86 ശതമാനവും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 77.21 ശതമാനവുമാണ് പോളിങ്. ജില്ലയിൽ ആകെ 715 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്‍കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ബൂത്തുകളിലെ പ്രവർത്തനങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജീകരിച്ചിരുന്ന കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചു. സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നന്ദി രേഖപ്പെടുത്തി.

 

രാവിലെ 5.30ന് തന്നെ എല്ലാ ബൂത്തുകളിലും പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിങ് ആരംഭിച്ചു. തുടർന്ന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സീൽ ചെയ്ത് ഏഴ് മണി മുതൽ പോളിങ് ആരംഭിച്ചു. രാവിലെ മുതൽ തന്നെ മിക്ക ബൂത്തുകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവിലെ ഒൻപത് മണിക്ക് 16.38 ശതമാനമായിരുന്ന പോളിങ് നിരക്ക് 11 മണിയോടെ 33 ശതമാനത്തിലേക്ക് ഉയർന്നു. ഉച്ചയ്ക്ക് ഒരു മണി പിന്നിട്ടപ്പോഴേക്കും ജില്ലയിലെ പോളിങ് ശതമാനം 50 കടന്നു. പോളിങ് സമയം അവസാനിച്ച വൈകുന്നേരം ആറിനും പല ബൂത്തുകളിലും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് പ്രിസൈഡിങ് ഓഫീസർമാർ ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കി.

 

പൂർണമായും ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. സെക്ടർ ഓഫീസർമാർ ബൂത്തുകൾ സന്ദർശിച്ച് വോട്ടെടുപ്പ് നടപടികൾ വിലയിരുത്തി. കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പൊലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ എന്നിവർ പ്രവർത്തനങ്ങൾ തത്സമയം ഏകോപിപ്പിച്ചു. ബൂത്തുകളിലെ പോളിങ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും മൂന്ന് മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ചു. ഇവിടങ്ങളിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിലാണ് മെഷീനുകൾ സൂക്ഷിക്കുന്നത്. വോട്ടെണ്ണൽ ദിനമായ മെയ് നാലിനായിരിക്കും മെഷീനുകൾ ഇനി സ്ട്രോങ് റൂമുകളിൽ നിന്ന് പുറത്തെടുക്കുക. 24 മണിക്കൂറും ക്യാമറ നിരീക്ഷണവും സായുധ സേനകളുടെയും സുരക്ഷയും സ്ട്രോങ് റൂമുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.

 

*മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും*

 

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഓരോന്ന് വീതം പിങ്ക് ബൂത്തും വനിതാ ബൂത്തും ഒരുക്കിയിരുന്നു. കൽപറ്റ മണ്ഡലത്തിലെ ബൂത്ത് നമ്പർ 115 എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ (വലത് വിംഗ്), മാനന്തവാടി മണ്ഡലത്തിലെ ബൂത്ത് 200 സെന്റ് ജോസഫ് സ്കൂൾ, ചെറുകാട്ടൂർ (പുതിയ കെട്ടിടം, മധ്യഭാഗം), സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ബൂത്ത് 83 ഗവ ഹൈസ്കൂൾ, ഇരുളം (പുതിയ കെട്ടിടം വലത് വിംഗ്) എന്നിവയാണ് ജെൻസി ബൂത്തുകളായി പ്രവർത്തിച്ചത്.

 

ബൂത്ത് 89 ലിറ്റിൽ ഫ്ലവർ അപ്പർ പ്രൈമറി സ്കൂൾ, മാനന്തവാടി (പുതിയ കെട്ടിടം വടക്കേ വിംഗ്),

ബൂത്ത് 126 ഗവ ലോവർ പ്രൈമറി സ്കൂൾ, പൂമല (പുതിയ കെട്ടിടം, കിഴക്കേ വിംഗ്), ബൂത്ത് 101 ഹിദായത്തുൽ ഇസ്ലാം മദ്രസ അപ്പർ പ്രൈമറി സ്കൂൾ, കൽപ്പറ്റ (പുതിയ ബ്ലോക്ക്) എന്നിവ പിങ്ക് ബൂത്തുകളെയും പ്രവർത്തിച്ചു. ബൂത്ത് 165 ഗവ ഹയർ സെക്കൻഡറി സ്കൂൾ, മീനങ്ങാടി (പുതിയ കെട്ടിടം ഇടത് വിംഗ്) പിഡബ്ല്യുഡി ബൂത്തായും പ്രവർത്തിച്ചു.

 

*ദുരന്തബാധിതർക്കായി പ്രത്യേക വാഹന സൗകര്യം*

 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മുണ്ടക്കെ -ചൂരല്‍മല ദുരന്ത ബാധിതരെ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലെത്തിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക വാഹന സൗകര്യം ഒരുക്കിയിരുന്നു. രാവിലെ 10ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കൽപറ്റയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എട്ട് ബസുകളാണ് രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും സര്‍വീസ് നടത്തിയത്. രാവിലെ 10ന് കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവന്‍ചാല്‍, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് മേപ്പാടിയിലെയും ചൂരല്‍മലയിലെയും പോളിങ് ബൂത്തുകളിലേക്ക് ബസുകള്‍ പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കല്‍പറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗണ്‍, നെടുംമ്പാല അമ്പലം എന്നിവിടങ്ങളില്‍ നിന്നായിരുന്നു സർവീസുകൾ. നേരത്തെ ചൂരല്‍മല ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉണ്ടായിരുന്ന 203-ാം നമ്പര്‍ ബൂത്ത് ഇത്തവണ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഇവിടേക്ക് വോട്ടർമാർക്ക് എത്തിച്ചേരുന്നതിന് വേണ്ടി ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്കും പ്രത്യേക വാഹന സൗകര്യം ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *