വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി

വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി

മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒ ജെ ജനീഷ്

 

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ വീണ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജെനീഷിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ടൗണ്‍ഷിപ്പിലെത്തിയത്.

 

വീടിന് വിള്ളല്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയില്‍ ടൗണ്‍ഷിപ്പിലേക്കുള്ള പ്രധാനറോഡിന് മുമ്പില്‍ വെച്ച് പൊലീസ് നേതാക്കളെ തടഞ്ഞു. എന്നാല്‍ വിള്ളല്‍ വീണ വീട്ടില്‍ സന്ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് നേതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

 

വിള്ളല്‍ വീണ വീടിന്റെ ഉടമ നൗഫല്‍ താന്‍ പരാതിപ്പെട്ടതുകൊണ്ടാണ് നേതാക്കള്‍ എത്തിയതെന്നും പൊലീസിനോട് വ്യക്തമാക്കി. ഇതോടെയാണ് നേതാക്കളെ ടൗണ്‍ഷിപ്പിലെ കടത്തിവിട്ടത്. വിള്ളല്‍ വീണ നൗഫലിന്റെ വീടിന്റെ മുകള്‍ഭാഗത്തും, ഹാളിലുമെത്തി ജെനീഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. റെവന്യൂമന്ത്രി മായ്ച്ചുകളഞ്ഞാല്‍ മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വീടിന്റെ വിള്ളലെന്ന് സന്ദര്‍ശനശേഷം ഒ ജെ ജെനീഷ് പറഞ്ഞു.

 

ദുരന്തബാധിതര്‍ക്ക് സമയബന്ധിതമായി ഭവനങ്ങള്‍ കൈമാറുന്നതിലും, നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടു. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കൈമാറിയ വീടുകളില്‍ പോലും ഇപ്പോഴും നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

ദുരന്തമേറ്റു വാങ്ങിയ ഒരു ജനതയെ പി ആര്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പാടുണ്ടായിരുന്നോയെന്ന് ഇനിയെങ്കിലും ചിന്തിക്കണം. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നടപടിയില്ലെങ്കില്‍ ശക്തമായ സമരത്തിന് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന വീടുകള്‍ സി പി എം കൊടുക്കുന്നത് പോലെയാണ് തെരഞ്ഞെടുപ്പു സമയത്തും മറ്റും പ്രചരണം നടത്തിയത്.

 

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രചരണം നടത്തി 178 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. പരിപൂര്‍ണമായും രാഷ്ട്രീയവത്ക്കരിച്ച്, ആളുകളെ എത്തിച്ച് സ്ഥലം എം എല്‍ എയെ കൂവിച്ച്, റെവന്യൂമന്ത്രി കവലപ്രസംഗം നടത്തിയായിരുന്നു ഉദ്ഘാടനം. വിഷുവിന് മുമ്പ് കയറിത്താമസിക്കാവുന്ന സാഹചര്യമുണ്ടാവുമെന്നായിരുന്നു പറഞ്ഞത്.

 

അത് നടന്നില്ല, പിന്നീട് മഴക്ക് മുമ്പ് താമസിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അപ്പോഴും കയറി താമസിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. നാനൂറിലധികം വരുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റുണ്ടാക്കി. എന്നാല്‍ ഇപ്പോഴും പട്ടിക പൂര്‍ണമല്ല. ആ ലിസ്റ്റില്‍ റെവന്യമന്ത്രി ഉള്‍പ്പെടെ കുത്തിക്കയറ്റിയ ആളുകളുണ്ട്.

 

അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ടെന്നും ജനീഷ് പറഞ്ഞു. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തികളാണ്. ഇത് ഗുണനിലവാരമുള്ളതാണോ എന്ന് പരിശോധിക്കേണ്ടത് കിഫ്‌കോണിന്റെ ചുതമലയാണ്. എന്നാല്‍ പത്തോ പതിനഞ്ചോ പേര്‍ മാത്രമാണ് ഇവിടെയുള്ളത്. വലിയ കൊള്ള നടന്നിട്ടുണ്ടോയെന്ന സംശയം നിലവില്‍ക്കുകയാണ്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരേണ്ട സാഹചര്യമുണ്ട്.

 

ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് തുടക്കം മുതലെ പരാതിയുണ്ട്. ടെണ്ടര്‍ പോലുമില്ലാതെ ഏത് നിര്‍മ്മാണപ്രവൃത്തിയും ഏറ്റെടുക്കാവുന്ന രീതിയിലേക്ക് സൊസൈറ്റിയെ സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അമല്‍ജോയി, സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവ്, മുഹമ്മദ് ഷിമിലി, ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് കെ, മുത്ത് പഞ്ചാര, നിറാര്‍ പറളിക്കുന്ന്, അസീസ് വാളാട്, ഡിന്റോ ജോസ്, യൂനസ് അലി തുടങ്ങിയ നിരവധി നേതാക്കളും ഒ ജെ ജെനീഷിനൊപ്പമുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *