എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

 

എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

 

ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തില്‍ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് എ പ്ലസ് കുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം.

 

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങള്‍ക്ക് അരമാർക്ക് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇനി അതുപോലും നല്‍കേണ്ടെന്നാണ് നിർദേശം. പൂർണമായ ഉത്തരം എഴുതിയാല്‍ മാത്രം മുഴുവൻ മാർക്കും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *