മാനന്തവാടി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡിന്റെ (എൻബിഇഎംഎസ്) അഭിമാനകരമായ സ്വർണ്ണമെഡൽ നേട്ടവുമായി വയനാട് സ്വദേശിനി. വെള്ളമുണ്ട സ്വദേശിയായ ഡോ.വിന്നി ജോയ് ആണ് നേത്രരോഗ വിഭാഗത്തിൽ ‘ഡോ. ജി. വെങ്കടസ്വാമി ഗോൾഡ് മെഡലിന്’ അർഹയായത്. 2024 മെയ് സെഷനിലെ മികവിനാണ് ഈ ദേശീയ അംഗീകാരം പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 23ന് ഡൽഹിയിൽ നടക്കുന്ന എൻ.ബി.ഇ.എം.എസ്. 23-ാമത് ബിരുദദാന ചടങ്ങിൽ വെച്ച് പുരസ്‌കാരം കൈമാറും. 2016ൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഡോ. വിന്നി 2019ൽ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്‌താൽമോളജിയിൽ നിന്ന് ഡിപ്ലോമ നേടി.
2022ൽ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നിന്ന് ഡി.എൻ.ബി. പൂർത്തിയാക്കി. നിലവിൽ കാര്യമ്പാടി എം.ഒ.എസ്.സി (ങഛടഇ) മിഷൻ കണ്ണാശുപത്രിയിലെ കൺസൽട്ടന്റ്റ് ഓഫ്താൽമോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ് ഡോ. വിന്നി.
കല്ലോടി ഇലഞ്ഞിക്കുഴി ജോയ് സെലിൻ ദമ്പതികളുടെ മകളാണ്. മാനന്തവാടി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അരുൺ പോൾ ആണ് ഭർത്താവ്. ദേശീയതലത്തിൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ഈ വലിയ നേട്ടം വയനാടിൻ്റെ ആരോഗ്യമേഖലയ്ക്കും വലിയ ആവേശം പകരുന്നതാണ്.
